സമ്പന്നരാജ്യങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളുടെ വരവിൽ വർധന

ദുബായ് : എമിറേറ്റിലേക്കെത്തുന്ന വിനോദസഞ്ചാരികളേറെയും സമ്പന്നരാജ്യങ്ങളിൽനിന്നാണെന്ന് പഠനം.

വിനോദത്തിനുപുറമെ സ്വർണാഭരണങ്ങൾ, ഇലക്േട്രാണിക് വസ്തുക്കൾ, മറ്റ് ചില്ലറ വിൽപ്പന വസ്തുക്കൾ എന്നിവ വാങ്ങുന്നതിനായാണ് ഉയർന്ന വരുമാനമുള്ള സഞ്ചാരികളേറെയും ദുബായിലേക്കെത്തുന്നത്.

2023-ൽ 1.71 കോടി വിദേശ വിനോദസഞ്ചാരികൾ ദുബായിലെത്തി. 2024-ൽ ആദ്യ 10 മാസത്തിൽ മാത്രം 1.49 കോടി സന്ദർശകരുമെത്തി. പശ്ചിമയൂറോപ്പിൽനിന്നാണ് കൂടുതൽ സന്ദർശകരെത്തിയത് -ഏകദേശം 29.3 ലക്ഷം.

ദക്ഷിണേഷ്യയിൽനിന്ന് 25.4 ലക്ഷം, ജി.സി.സി. രാജ്യങ്ങളിൽനിന്ന് 22.1 ലക്ഷം, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് 20.7 ലക്ഷം എന്നിങ്ങനെയാണ് മറ്റി‌ടങ്ങളിലുള്ള സന്ദർശകരുടെ എണ്ണം.

ഹോട്ടലുകളിൽ തിരക്കേറെയായിരുന്നു. വിമാനക്കമ്പനികളും പൂർണശേഷിയിലാണ് പ്രവർത്തിച്ചതെന്ന് ട്രാവൽ ആൻഡ് ടൂറിസം രംഗത്തുള്ളവർ വ്യക്തമാക്കി. 2024-ൽ ദുബായിലെത്തിയ അന്താരാഷ്ട്ര സന്ദർശകർ 19,157 കോടി ദിർഹം ചെലവിട്ടതായും വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

അവധിക്കാലത്ത് ദുബായ് ഗോൾഡ് സൂഖ്, മീനാ ബസാർ, കരാമ തുടങ്ങിയ മേഖലകളിലാണ് വിനോദസഞ്ചാരികൾ വിലപിടിപ്പുള്ള വസ്തുക്കൾ വാങ്ങാനെത്തുന്നത്. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലും ശൈത്യകാലവുമെല്ലാം കാരണം ഇലക്‌േട്രാണിക്സ് വിൽപ്പനയും മെച്ചപ്പെട്ടു.

2024-ൽ മാത്രം മുൻവർഷങ്ങളെ അപേക്ഷിച്ച് 30 ശതമാനത്തിലേറെയാണ് ഇലക്‌േട്രാണിക്സ് ഉത്പന്ന വിൽപ്പന നടന്നത്. ഫാഷൻ വസ്ത്രങ്ങളും ആഭരണങ്ങളും വിൽപ്പനയിൽ മുന്നിലെത്തി.

ശൈത്യകാലം അവസാനിക്കുന്നതോടെ ഉയർന്ന വരുമാനമുള്ള വിനോദസഞ്ചാരികളുടെ എണ്ണം കുത്തനെ ഉയരുമെന്നാണ് കണക്കുകൂട്ടൽ.

Content Highlights: Dubai Tourism Boom: Rich Travelers Fuel 2024 Growth