നഷ്ടപ്പെട്ട മൊബൈൽ ഫോൺ സ്വദേശത്തേക്ക് എത്തിച്ചുനൽകി ദുബായ് പോലീസ്

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നഷ്ടപ്പെട്ട തമിഴ് യൂട്യൂബറുടെ മൊബൈൽ ഫോൺ സ്വദേശത്തേക്ക് എത്തിച്ചുനൽകി ദുബായ് പോലീസ്. യൂട്യൂബർ മദൻ ഗൗരിയുടെ മൊബൈലാണ് വിമാനത്താവളത്തിൽനിന്നും കണ്ടെടുത്ത് ഇദ്ദേഹത്തിന്റെ സ്വദേശമായ ചെന്നൈയിലേക്ക് എത്തിച്ചത്.
ഇക്കാര്യം യൂട്യൂബർ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. കഴിഞ്ഞയാഴ്ചയാണ് സംഭവം. ഫോൺ നഷ്ടപ്പെട്ടതായി മദൻ ഗൗരി വിമാനത്താവള അധികൃതരെ വിവരമറിയിച്ചു. എന്നെന്നേക്കുമായി അത് നഷ്ടപ്പെട്ടുവെന്നാണ് കരുതിയത്. എന്നാൽ ഫോണിന്റെ വിശദാംശങ്ങൾ ഇ-മെയിൽ ചെയ്യാൻ അധികൃതർ ആവശ്യപ്പെടുകയായിരുന്നു.
ചെന്നൈയിൽ തിരിച്ചെത്തിയ ഉടൻതന്നെ ഫോൺ കണ്ടെത്തിയെന്ന് സ്ഥിരീകരിക്കുന്ന ഇ-മെയിൽ ലഭിക്കുകയും ചെയ്തു. അത് തന്നെ അത്ഭുതപ്പെടുത്തിയതായും ദുബായ് പോലീസ്-എമിറേറ്റ്‌സ് എയർലൈനുമായി സഹകരിച്ച് ചെന്നൈയിലേക്കുള്ള അടുത്ത വിമാനത്തിൽ ഫോൺ എത്തിക്കുകയും ചെയ്തുവെന്ന് മദൻ ഗൗരി പറഞ്ഞു. വിശ്വാസത്തിന്റെയും ആതിഥ്യമര്യാദയുടെയും നഗരമെന്ന ദുബായുടെ പേരും പ്രശസ്തിയും ഉറപ്പിക്കുന്നതായിരുന്നു നടപടി.
Content Highlights: dubai police phone send to native