ഇമറാത്തി വനിതകൾക്ക് സുഗന്ധത്തിന്റെ പാഠവുമായി യൂസുഫ് ഭായ്; അറബ് സുഗന്ധപാരമ്പര്യത്തിൽ മലയാളി കൈയൊപ്പ്

ദുബായ്: അറബ് ലോകത്തിന്റെ ജീവിതശൈലിയോടും പാരമ്പര്യത്തോടും അത്രമേൽ ചേർന്നുനിൽക്കുന്ന ഒന്നാണ് സുഗന്ധം. ഊദിന്റെയും അത്തറിന്റെയും പെർഫ്യൂമിന്റെയും ആ ലോകത്ത്, ഇമറാത്തി വനിതകൾക്ക് സുഗന്ധക്കൂട്ടുകളുടെ രഹസ്യം പകർന്നുനൽകാൻ ഒരു മലയാളി എത്തിയപ്പോൾ അത് വേറിട്ടൊരു കാഴ്ചയായി. തൃശ്ശൂർ ചാവക്കാട് സ്വദേശിയും പ്രശസ്ത പെർഫ്യൂം നിർമ്മാതാവുമായ ഡോ. യൂസഫ് മടപ്പേൻ, സുഗന്ധപ്രേമികൾക്ക് സുപരിചിതനായ 'യൂസുഫ് ഭായ്' ആയിരുന്നു ആ മലയാളി.
ഇമിറാത്തി വനിതാ ദിനാഘോഷങ്ങളോടനുബന്ധിച്ച് ദുബായ് താമസ കുടിയേറ്റ വകുപ്പ് (ജി.ഡി.ആർ.എഫ്.എ) വനിതാ ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച വിവിധ പരിപാടികളിലൊന്നായാണ് പ്രത്യേക പെർഫ്യൂം നിർമാണ വർക്ക്‌ഷോപ്പ് നടന്നത്. ഇമിറാത്തി വനിതകളുടെ നേട്ടങ്ങളെയും കഴിവുകളെയും ആദരിക്കുകയും പുതിയ അനുഭവങ്ങളും അറിവുകളും പങ്കുവയ്ക്കുകയും ചെയ്യുന്ന ആഘോഷപരിപാടികളുടെ ഭാഗമായിരുന്നു ഈ വേറിട്ട വേദി.
ജി.ഡി.ആർ.എഫ്.എ ആസ്ഥാനത്തെത്തിയ യൂസുഫ് ഭായിയെ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി നേരിട്ടെത്തി സ്വീകരിച്ചത് പരിപാടിയിലെ ശ്രദ്ധേയ നിമിഷമായി. നീളമുള്ള വെളുത്ത താടിയും തനതായ തൊപ്പിയും കൂളിങ് ഗ്ലാസുമടങ്ങിയ പരിചിതമായ വേഷത്തിൽ യൂസുഫ് ഭായ് എത്തിയപ്പോൾ ഉദ്യോഗസ്ഥർക്കിടയിലും കൗതുകവും ആവേശവും നിറഞ്ഞു.
കേരളത്തിൽനിന്ന് പ്രവാസലോകത്തെത്തി, അറബികളുടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന പെർഫ്യൂം മേഖലയെ സ്വന്തം കഴിവുകൊണ്ട് കീഴടക്കിയ ഒരു മലയാളിക്ക് ദുബായിലെ പ്രമുഖ സർക്കാർ സ്ഥാപനത്തിൽ ലഭിച്ച ഈ സ്വീകരണം മലയാളികൾക്കും അഭിമാനിക്കാവുന്ന നിമിഷമായി.
അറബികളുടെ സുഗന്ധലോകത്ത് മലയാളി ഗുരുവായി
അറബ് സംസ്‌കാരത്തിൽ സുഗന്ധം വെറുമൊരു സൗന്ദര്യവസ്തുവല്ല. അതിഥിസൽക്കാരത്തിലും ആഘോഷങ്ങളിലും കുടുംബപാരമ്പര്യങ്ങളിലും വ്യക്തിത്വത്തിന്റെ അടയാളമായും സുഗന്ധത്തിന് പ്രത്യേക സ്ഥാനമുണ്ട്. അത്തരമൊരു സംസ്‌കാരത്തിന്റെ ഭാഗമായ ഇമിറാത്തി വനിതകൾക്ക് പെർഫ്യൂം നിർമ്മാണത്തിന്റെ സൂക്ഷ്മതകൾ പഠിപ്പിക്കാൻ ഒരു മലയാളി മുന്നിൽ നിൽക്കുന്നു എന്നതായിരുന്നു വർക്ക്‌ഷോപ്പിന്റെ പ്രത്യേകത.
ജി.ഡി.ആർ.എഫ്.എയിലെ വനിതാ ഉദ്യോഗസ്ഥരും വനിതാ സുരക്ഷാ ഉദ്യോഗസ്ഥരും വർക്ക്‌ഷോപ്പിൽ പങ്കെടുത്തു. വിവിധ പെർഫ്യൂം ഓയിലുകളും എസ്സെൻസുകളും എങ്ങനെ തിരഞ്ഞെടുക്കണം, അവയുടെ അളവുകൾ എങ്ങനെ ക്രമീകരിക്കണം, വ്യത്യസ്ത സുഗന്ധങ്ങൾ ചേർന്ന് എങ്ങനെ പുതിയൊരു ഗന്ധം സൃഷ്ടിക്കുന്നു തുടങ്ങിയ കാര്യങ്ങൾ യൂസുഫ് ഭായ് ലളിതമായി പരിചയപ്പെടുത്തി.
കേട്ടും കണ്ടും നിൽക്കുന്നതിൽ മാത്രം ഒതുങ്ങിയില്ല പരിശീലനം. ടെസ്റ്റ് ട്യൂബുകളും ഡ്രോപ്പറുകളും പെർഫ്യൂം ഓയിലുകളും കൈയിലെടുത്ത ഇമിറാത്തി വനിതകൾ യൂസുഫ് ഭായിയുടെ നിർദേശങ്ങൾക്കനുസരിച്ച് സ്വന്തം ഇഷ്ടത്തിനൊത്ത സുഗന്ധക്കൂട്ടുകൾ തയ്യാറാക്കി. ഓരോരുത്തരുടെയും കൈകളിൽ പുതിയൊരു പെർഫ്യൂം പിറന്നപ്പോൾ വർക്ക്‌ഷോപ്പ് അറിവിന്റെയും കൗതുകത്തിന്റെയും സന്തോഷത്തിന്റെയും വേദിയായി മാറി.
‘യൂസുഫ് ഭായ്’ എന്ന പേരിലൂടെ പെർഫ്യൂം ലോകത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച യൂസുഫ് ഭായിയുടെ യാത്രയും പ്രവാസി മലയാളിയുടെ കഴിവിന്റെ മറ്റൊരു കഥയാണ്. വിവിധ സുഗന്ധങ്ങളെ തിരിച്ചറിയാനും അവയുടെ ഘടകങ്ങൾ മനസ്സിലാക്കി സമാനമായ സുഗന്ധക്കൂട്ടുകൾ സൃഷ്ടിക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവാണ് സാമൂഹികമാധ്യമങ്ങളിലും പെർഫ്യൂം പ്രേമികൾക്കിടയിലും ശ്രദ്ധ നേടിയത്. പങ്കുവെക്കുന്ന പെർഫ്യൂം സംബന്ധമായ വീഡിയോകളിലൂടെയും ഈ മലയാളി വലിയൊരു പ്രേക്ഷകസമൂഹത്തിലേക്ക് എത്തി.