അക്കാഫ് പൊന്നോണക്കാഴ്ച അടുത്തമാസം 11-ന്

ദുബായ്: അക്കാഫ് അസോസിയേഷന്റെ 28-ാമത് ഓണാഘോഷമായ ''അക്കാഫ് പൊന്നോണക്കാഴ്ച '26'' ഒക്ടോബർ 11 ന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ അരങ്ങേറും. ഓണാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പ്രാഥമിക മത്സരങ്ങൾ ഒക്ടോബർ നാലിന് ദുബായ് ഖിസൈസിലെ അമിറ്റി സ്‌കൂളിൽ നടക്കും. ഓണാഘോഷത്തിന്റെ ഭാഗമായി ''മാതൃവന്ദനം'' എന്ന പേരിൽ വേറിട്ടൊരു സ്‌നേഹപദ്ധതി ഇത്തവണയും സംഘടിപ്പിക്കും.

യു.എ.ഇയിൽ സാധാരണ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന പ്രവാസികളുടെ അമ്മമാരിൽനിന്ന് ലഭിക്കുന്ന അപേക്ഷകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 28 അമ്മമാരെയാണ് അക്കാഫ് അസോസിയേഷൻ ദുബായിലേക്ക് കൊണ്ടുവരുന്നത്. അഞ്ച് ദിവസത്തോളം ദുബായിൽ ചെലവഴിക്കുന്ന അമ്മമാർക്ക് യു.എ.ഇയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും മറ്റു കാഴ്ചകളും സന്ദർശിക്കാനുള്ള അവസരവും ഒരുക്കും. പൊന്നോണക്കാഴ്ച '26 ന്റെ സമാപന വേദിയിൽ 28 അമ്മമാരെയും ആദരിക്കും.
പൊന്നോണക്കാഴ്ച '26ന്റെ വിജയകരമായ നടത്തിപ്പിനായി ജനറൽ കൺവീനർ സാനു മാത്യു (കോളേജ് ഓഫ് എൻജിനീയറിംഗ്, തിരുവനന്തപുരം), ജോയിന്റ് ജനറൽ കൺവീനർമാരായ അനിൽ നായർ (എൻ.എസ്.എസ്. പോളിടെക്‌നിക് കോളേജ്, പന്തളം), ബീന ശശിശങ്കർ (സെന്റ് പീറ്റേഴ്‌സ് കോളജ്, കോലഞ്ചേരി), ലക്ഷ്മി ഷിബു (ശ്രീനാരായണ കോളേജ് ഫോർ വിമൻ, കൊല്ലം), സത്യജിത് വാസുദേവ് (ശ്രീ നാരായണ കോളേജ്, കണ്ണൂർ), ജയകൃഷ്ണൻ രാധാകൃഷ്ണൻ (അമൃത വിശ്വവിദ്യാപീഠം, കൊല്ലം), അമീർ സിറാജ് (ശ്രീനാരായണ ഗുരുകുലം കോളേജ് ഓഫ് എൻജിനീയറിംഗ്, എറണാകുളം) എന്നിവരുടെ നേതൃത്വത്തിൽ 30 സബ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. കൺവീനർമാർ, ജോയിന്റ് കൺവീനർമാർ, കോർഡിനേറ്റർമാർ തുടങ്ങി 500 ഓളം പ്രവർത്തകരാണ് വിവിധ കമ്മിറ്റികളിലായി പരിപാടിയുടെ വിജയത്തിനായി സജീവമായി പ്രവർത്തിക്കുന്നത്.