നോർക്ക ഇൻഷുറൻസ് അന്യായമായ പ്രീമിയംവർധന പിൻവലിക്കുക- ഓർമ ദുബായ്

ദുബായ്: നോർക്ക ഇൻഷുറൻസ് പദ്ധതിയിൽ വരുത്തിയ അന്യായമായ പ്രീമിയം വർധന ഉടൻ പിൻവലിക്കണമെന്ന് ഓർമ ദുബായ് ആവശ്യപ്പെട്ടു. പ്രവാസി ക്ഷേമപദ്ധതിയെ അട്ടിമറിക്കാനുള്ള നീക്കങ്ങളിൽനിന്ന് അധികാരികൾ പിന്മാറണമെന്ന് സംഘടന ഓർമ്മിപ്പിച്ചു.

ഇടതുപക്ഷ സർക്കാർ പ്രവാസികൾക്കായി കൊണ്ടുവന്ന ചികിത്സാസുരക്ഷാ പദ്ധതി സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാവുന്ന നിരക്കിൽത്തന്നെ നിലനിർത്തണം. എന്നാൽ നിലവിലെ അനിയന്ത്രിതമായ നിരക്ക് വർധന പ്രവാസികളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
സ്വകാര്യ ഇൻഷുറൻസ് ഉപേക്ഷിച്ച് നോർക്കയെ വിശ്വസിച്ച് ചേർന്നവർക്ക് ഈ നിരക്ക് വർധന ഇരട്ടി പ്രഹരമായി മാറിയിരിക്കുന്നു. സ്വകാര്യ കമ്പനികൾക്ക് വേണ്ടി പ്രവാസി ക്ഷേമ പദ്ധതിയെ അട്ടിമറിക്കാനുള്ള യു.ഡി.എഫ് സർക്കാരിന്റെ നീക്കങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും സംഘടന വ്യക്തമാക്കി.

പ്രവാസികളെ സഹായിക്കേണ്ട സർക്കാർ അവർക്ക് ദുരിതം നൽകുന്ന നടപടികളുമായിട്ടാണ് മുന്നോട്ടുപോകുന്നത്. സാധാരണക്കാരായ പ്രവാസികളുടെ ജീവിതവും ആരോഗ്യവും ദുരിതത്തിലാക്കുന്ന ഈ നടപടി ഉടൻ തിരുത്തണമെന്നും പ്രവാസികളുടെ ചികിത്സാസുരക്ഷ പൂർണമായി ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നും ഓർമ ദുബായ് പ്രസിഡന്റ് അംബുജക്ഷൻ, ജനറൽ സെക്രട്ടറി ഷിജു ബഷീർ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.