ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ പാസ്പോർട്ട്, വിസ സേവനങ്ങൾക്ക് ഓൺലൈൻ അപ്പോയിന്റ്മെന്റ് നിർബന്ധമാക്കി

ദുബായ്: ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ തുടങ്ങിയ വിവിധ സേവനങ്ങൾക്കായി നിലവിലുണ്ടായിരുന്ന വാക്ക്-ഇൻ സൗകര്യം നിർത്തലാക്കി. ഇനിമുതൽ സേവനങ്ങൾക്കായി അപേക്ഷിക്കുന്നവർ മുൻകൂട്ടി ഓൺലൈൻ വഴി അപ്പോയിന്റ്മെന്റ് എടുക്കണമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു.
അപേക്ഷകർക്ക് book.passportindiauae.com എന്ന വെബ്സൈറ്റ് വഴി അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാം. ഓരോ ദിവസത്തേക്കുമുള്ള സ്ലോട്ടുകൾ തലേദിവസം രാത്രി എട്ട് മണിക്ക് വെബ്സൈറ്റിൽ ലഭ്യമാകുമെന്നും അധികൃതർ വ്യക്തമാക്കി.
അപ്പോയിന്റ്മെന്റ് ലഭിച്ചവർ നിശ്ചയിച്ച സമയത്തിന് 15 മിനിറ്റ് മുൻപ് മാത്രമേ പ്രവേശനത്തിനായി എത്താവൂ എന്ന് നിർദേശമുണ്ട്. തിരക്ക് ഒഴിവാക്കുന്നതിനായി അപേക്ഷകർക്ക് മാത്രമാണ് അകത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. പ്രായപൂർത്തിയാകാത്ത അപേക്ഷകരോടൊപ്പം മാതാപിതാക്കൾക്ക് വരാം.
ദുബായ് കോൺസുലേറ്റിൽ ഗേറ്റ് നമ്പർ 1 വഴിയും അബുദാബി എംബസിയിൽ അൽ സഫാറത്ത് സ്ട്രീറ്റിലെ പ്രധാന ഗേറ്റ് വഴിയുമാണ് പ്രവേശനം ക്രമീകരിച്ചിരിക്കുന്നത്. നവജാത ശിശുക്കൾക്കും എമർജൻസി സർട്ടിഫിക്കറ്റ് ആവശ്യമായവർക്കും മുൻഗണന നൽകും. അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ മാത്രം രാവിലെ ഒമ്പത് മുതൽ 11 വരെ പരിമിതമായ തോതിൽ വാക്ക്-ഇൻ സേവനങ്ങൾ ലഭ്യമായിരിക്കുമെന്നും അറിയിപ്പിലുണ്ട്.
അപേക്ഷകർ പൂർണമായി പൂരിപ്പിച്ച ഫോമുകളും അനുബന്ധ രേഖകളുമായി വേണം സേവനങ്ങൾക്കായി എത്താൻ. അപേക്ഷാ ഫോമുകൾ mportal.passportindia.gov.in/mission/ എന്ന ലിങ്കിൽ ലഭ്യമാണ്. ഫോട്ടോയും ഒപ്പും വ്യക്തതയോടെ അപ്ലോഡ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു. സേവനങ്ങൾക്കുള്ള ഫീസ് പണമായി മാത്രമാണ് സ്വീകരിക്കുന്നത് എന്നതിനാൽ കൃത്യമായ തുക കൈവശം കരുതണം. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനുമായി അബുദാബിയിലെ ഗാർഡിയൻ ടവറിലുള്ള കോൺസുലർ വിങ്ങുമായി ബന്ധപ്പെടാം. കൃത്യമായ മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ട് അപേക്ഷകർ സഹകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
Content Highlights: Walk-in services at Dubai Indian Consulate are now fully discontinued., Mandatory online appointment booking required via official portal., New appointment slots open daily at 8:00 PM., Strict entry rules: Only applicants allowed, arrive 15 minutes early., Cash payments only for all consular services.