ദുബായിൽ ഇനി പറക്കും ടാക്സിക്കാലം; ആദ്യ എയർ ടാക്സി സ്റ്റേഷൻ നിർമാണം പൂർത്തിയായി

ദുബായ്: ആകാശ ടാക്സികൾക്ക് പറന്നിറങ്ങാനുള്ള ആദ്യ എയർ ടാക്സി സ്റ്റേഷന്റെ നിർമാണം ദുബായിൽ പൂർത്തിയായി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിൽ നിർമിച്ച സ്റ്റേഷന്റെ ചിത്രങ്ങൾ, കിരീടാവകാശി ശൈഖ് ഹംദാൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ഈ വർഷംതന്നെ ആകാശ ടാക്സി, ദുബായിൽ സർവീസ് തുടങ്ങുമെന്നും ശൈഖ് ഹംദാൻ അറിയിച്ചു.
പശ്ചിമേഷ്യയിലെ സംഘർങ്ങളൊന്നും ദുബായിയുടെ വികസന കുതിപ്പിനെ ബാധിച്ചില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ ചിത്രങ്ങൾ. ആകാശ ടാക്സികൾക്ക് പറന്നിറങ്ങാനുള്ള ഇവിറ്റോൾ സ്റ്റേഷനുകളിൽ ആദ്യത്തേതിന്റെ നിർമാണം പൂർത്തിയായി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് നാലു നിലകളുള്ള എയർ ടാക്സി സ്റ്റേഷൻ നിർമ്മിച്ചത്. കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇവിടെയെത്തി സ്റ്റേഷനിലെ സൗകര്യങ്ങൾ വിലയിരുത്തി. രണ്ട് പറക്കും ടാക്സികൾ പാർക്ക് ചെയ്യാനും ചാർജ്ജ് ചെയ്യാനും ഇവിടെ സൗകര്യമുണ്ട്. 3,100 മീറ്റർ വിസ്തൃതിയിൽ നാലുനിലകളുള്ള കെട്ടിടത്തിലെ താഴത്തെ രണ്ടു നിലകൾ സഞ്ചാരികളുടെ വാഹനങ്ങൾക്കുള്ള പാർക്കിങ് കേന്ദ്രങ്ങളാണ്. കാത്തിരിപ്പ് കേന്ദ്രം, ബുക്കിങ് സ്ഥലം, ഓഫീസ്, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെല്ലാം മറ്റു രണ്ട് നിലകളിലായി ഒരുക്കിയിട്ടുണ്ട്. 

പ്രതിവർഷം 1,70,000 പേർക്ക് സഞ്ചരിക്കാവുന്നവിധത്തിലുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്ന് ശൈഖ് ഹംദാൻ വ്യക്തമാക്കി. ഡൗൺടൗൺ, പാംജുമൈറ, ദുബായ് മറീന എന്നിവിടങ്ങളിലെ സ്റ്റേഷനുകളുടെ നിർമാണം ഉടൻ പൂർത്തിയാക്കും. ഇക്കൊല്ലം അവസാനത്തോടെ പറക്കുംടാക്സി സേവനം തുടങ്ങാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ശൈഖ് ഹംദാൻ വ്യക്തമാക്കി.

Content Highlights: Completion of the first four-story eVTOL station at Dubai International Airport