കുടുംബ നീതിമേള: നിയമസഹായം തേടുന്ന പ്രവാസികളിലേക്ക് എത്തിക്കണം- ടി.പി. ശ്രീനിവാസൻ

ദുബായ്: മോഡൽ സർവീസ് സൊസൈറ്റി (എം.എസ്.എസ്.) കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി (പിൽസ്) യുമായി സഹകരിച്ചു ദുബായ് കമ്മ്യുണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി (സി.ഡി.എ.) യുടെ അനുമതിയോടെ 18-ന് നടത്തുന്ന സൗജന്യ 'കുടുംബ നീതിമേള'യുടെ പോസ്റ്റർ പുറത്തിറക്കി. പിൽസ് മുഖ്യ രക്ഷാധികാരിയും മുൻ അംബാസഡറുമായ ടി.പി. ശ്രീനിവാസൻ എം.എസ്.എസ് ചെയർമാൻ മോഹൻ എസ്.വെങ്കിട്ടിന് നൽകിയാണ് പ്രകാശനം ചെയ്തത്.
നീതിമേളയുടെ പ്രചാരണം നിയമ കുരുക്കിൽപെട്ടു മാനസികമായി തകർന്നു കഴിയുന്ന സാധാരണക്കാരായ പ്രവാസികളിലേക്ക് എത്തിച്ച് ഫലവത്താക്കണമെന്ന് ടി.പി. ശ്രീനിവാസൻ പറഞ്ഞു. എം.എസ്.എസ് പ്രസിഡന്റ് ഫയാസ് അഹമ്മദ് അധ്യക്ഷത വഹിച്ചു. അഭിഭാഷക പാനൽ കൺവീനർ അഡ്വ. അസീസ് തോലേരി, എം.എസ്.എസ് സെക്രട്ടറി ഷജിൽ ഷൗക്കത്ത്, കോ ഓർഡിനേറ്റർ മുഹമ്മദ് അക്ബർ എന്നിവർ പങ്കെടുത്തു. അഡ്വ. മുഹമ്മദ് സാജിദ് സ്വാഗതവും നിഷാജ് ഷാഹുൽ നന്ദിയും പറഞ്ഞു.
യു.എ.ഇ. 2026 കുടുംബ വർഷമായി ആചരിക്കുന്നതിനാൽ 'കുടുംബ നീതിമേള' എന്ന പേരിലാണ് ഈ വർഷം നീതിമേള നടക്കുക. കുടുംബ നിയമ പ്രശ്‌നങ്ങൾ, ഗാർഹിക പീഡനം, വൈവാഹിക നിയമ വിഷയങ്ങൾ, വിവാഹം, വിവാഹ മോചന കേസുകൾ, ജീവനാംശം, വയോജന-ബാല പീഡന കേസുകൾ തുടങ്ങിയവക്കായിരിക്കും പ്രാമുഖ്യം നൽകുക. ഈ മേഖലയിൽ പ്രഗൽഭ്യമുള്ള അഭിഭാഷകരും ഫാമിലി കൗൺസിലർമാരും വിദഗ്ധരും നേതൃത്വം നൽകും. നീതിമേളയിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
രജിസ്‌ട്രേഷന് : https://legal.mssgulf.org.
ഫോൺ: 0547352524