ചോക്ലേറ്റോ ഐഫോണോ? ജീവനക്കാരെ അമ്പരപ്പിച്ച് യു.എ.ഇ കമ്പനി ഉടമകളുടെ കിടിലൻ സർപ്രൈസ് സമ്മാനം; വീഡിയോ വൈറൽ

ദുബായ്: ജീവനക്കാർക്കായി മാനേജ്മെന്റ് ഒരുക്കിയ അത്ഭുത സമ്മാനത്തിന്റെ അപൂർവ്വ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാൻപവർ സപ്ലൈ കമ്പനിയായ 'വേൾഡ് സ്റ്റാർ മാൻപവറിലെ' ജീവനക്കാർക്കാണ് മാനേജ്മെന്റിൽനിന്ന് അപ്രതീക്ഷിതമായി വിലപിടിപ്പുള്ള ഐഫോണുകൾ സമ്മാനമായി ലഭിച്ചത്.
കമ്പനി സ്ഥാപകൻ നിഷാദ് ഹുസൈനും അദ്ദേഹത്തിന്റെ ഭാര്യയും കമ്പനിയുടെ മാനേജിങ് ഡയറക്ടറുമായ ഹസീന നിഷാദും ചേർന്നാണ് ഈ പ്രത്യേക സർപ്രൈസ് പരിപാടി സംഘടിപ്പിച്ചത്. മേശപ്പുറത്ത് നിരത്തിവെച്ചിരുന്ന സമ്മാനപ്പെട്ടിയിൽനിന്ന് ഒരെണ്ണം തിരഞ്ഞെടുക്കാൻ ജീവനക്കാരോട് ആവശ്യപ്പെടുന്നതായിരുന്നു ആദ്യ ഘട്ടം. ചിലർ തുറന്ന പെട്ടികളിൽ ഐഫോണുകൾ കണ്ടപ്പോൾ, മറ്റു ചിലരുടെ ബോക്‌സിൽ ചോക്ലേറ്റുകളായിരുന്നു ഉണ്ടായിരുന്നത്. ചോക്ലേറ്റ് ലഭിച്ചവർ ചെറിയ നിരാശ നിഴലിച്ച മുഖത്തോടെ മടങ്ങാൻ ഒരുങ്ങിയപ്പോഴാണ് ഹസീന നിഷാദ് കഥയിലെ വലിയ ട്വിസ്റ്റ് പുറത്തെടുത്തത്.
ചോക്ലേറ്റ് ലഭിച്ച ജീവനക്കാർക്കെല്ലാം തൊട്ടടുത്ത നിമിഷം തന്നെ ഹസീന നിഷാദ് ഐഫോണുകൾ സമ്മാനമായി നൽകി. ഇതോടെ ആർക്കും നിരാശപ്പെടേണ്ടിവന്നില്ലെന്നു മാത്രമല്ല, കമ്പനിയിലെ മുഴുവൻ ജീവനക്കാരും ഐഫോണുകളുമായി സന്തോഷം പങ്കുവെക്കുകയും ചെയ്തു. സന്തോഷത്താൽ അമ്പരന്ന ജീവനക്കാരുടെ വൈകാരികമായ പ്രതികരണങ്ങളാണ് വീഡിയോയുടെ പ്രധാന ആകർഷണം.
കമ്പനിയുടെ യഥാർത്ഥ വിജയം ജീവനക്കാരുടെ കഠിനാധ്വാനത്തിലും കൂട്ടായ്മയിലുമാണെന്ന് ഹസീന നിഷാദ് വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ജീവനക്കാരുടെ ഓരോ പരിശ്രമവും ആശയവും കമ്പനിയെ മുന്നോട്ട് നയിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. സ്വന്തം കഴിവുകളിൽ വിശ്വസിക്കാനും വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത്തരമൊരു സമ്മാനം ഒരുക്കിയതെന്നും തങ്ങളുടെ ജീവനക്കാരാണ് തങ്ങളുടെ കരുത്തെന്നും അവർ കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ വീഡിയോയ്ക്ക് വലിയ രീതിയിലുള്ള പ്രശംസയാണ് ലോകമെമ്പാടുമുള്ള ആളുകളിൽനിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.