ദുബായ് സിഎസ്ഐ ഇടവകയുടെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു

സിഎസ്‌ഐ പാരീഷ് സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപനചടങ്ങില്‍നിന്ന്
സിഎസ്‌ഐ പാരീഷ് സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപനചടങ്ങില്‍നിന്ന്

ദുബായ്: സിഎസ്ഐ പാരീഷ് (മലയാളം) ദുബായ് ഇടവകയുടെ ഒരു വര്‍ഷം നീണ്ടുനിന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു. ദുബായ് ഊദ് മേത്ത ജെംസ് പ്രൈവറ്റ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ മുഖ്യാതിഥിയായി. സമൂഹത്തിന്റെ പുനര്‍ നിര്‍മ്മിതിയാണ് ജൂബിലിയുടെ സന്ദേശം. സഭ ഈ സന്ദേശം ഉള്‍ക്കൊണ്ട് സമൂഹത്തിന്റെ സകലവിധ നന്മകള്‍ക്കും കാരണഭൂതരാകണമെന്ന് അദ്ദേഹം പറഞ്ഞു.

ഇടവക വികാരി രാജു ജേക്കബ് അധ്യക്ഷത വഹിച്ചു. മാര്‍ത്തോമാ സഭയുടെ അടൂര്‍ ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ സെറാഫിം എപ്പിസ്‌കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തി. അന്‍പത് വര്‍ഷത്തെ ഇടവകയുടെ ചരിത്രവും പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളുന്ന 'ക്യാരിസ് സുവനീര്‍ പ്രകാശനം ചെയ്തു.

ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ സുനില്‍ കുമാര്‍, പ്രേം മിത്ര (ചാപ്ലയിന്‍ ഹോളി ട്രിനിറ്റി ചര്‍ച്ച് ദുബായ്), മാത്യു വര്‍ക്കി (മുന്‍ ഇടവക വികാരി) എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഡോ. പി കെ കുരുവിള (മുന്‍ ഇടവക വികാരി) പ്രാര്‍ഥന നടത്തി. ജോണ്‍ കുര്യന്‍ സ്വാഗതവും ബിബു ചെറിയാന്‍ നന്ദിയും പറഞ്ഞു.

എ.പി ജോണ്‍, സജി കെ. ജോര്‍ജ്, ഫെലിക്സ് മാത്യു, ടിറ്റു തോമസ്, ജിജോ. ടി. മുത്തേരി, ബ്രൈയിറ്റ് ബി. മോഹന്‍, എല്‍ദോ പോള്‍, വര്‍ഗീസ് കോഴിപ്പാടന്‍, സുനില്‍ രാജ് ഫിലിപ്പ് , ബിജു കുഞ്ഞുമ്മന്‍, ചാള്‍സ് എം ജെറില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതു സമ്മേളനത്തിന് ശേഷം സ്റ്റീഫന്‍ ദേവസ്സിയുടെ നേതൃത്വത്തില്‍ യുബിലാറ്റെ ഡെയോ എന്ന സംഗീത വിരുന്നും ഒരുക്കി.