ചാർട്ടർചെയ്തത് രണ്ടുവിമാനം,കൈനിറയെ സഹായം; പ്രവാസത്തിന്റെ ചൂടറിഞ്ഞ വ്യവസായി,ഏവർക്കും പ്രിയപ്പെട്ടൊരാൾ

#വനിതാ വിനോദ്
സി.ജെ. റോയ്
സി.ജെ. റോയ്

ദുബായ്: ഇരുപത് വർഷത്തിലേറെയായി പ്രവാസമണ്ണിന്റെ ചൂടും ചൂരുമറിഞ്ഞ് പ്രവാസികളോട് ഏറെ ചേർന്നുനിന്ന വ്യക്തിയായിരുന്നു കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സിജെ റോയ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മരണം തെല്ലൊന്നുമല്ല പ്രവാസികളെ ഞെട്ടിച്ചത്. പ്രമുഖ വ്യവസായി എന്നതിലുപരി പാവപ്പെട്ട പ്രവാസികൾക്ക് താങ്ങും തണലും നൽകി അദ്ദേഹം. ആര് ചോദിച്ചാലും കൈനിറയെ നൽകി.

കഴിഞ്ഞ ഡിസംബർ രണ്ടിന് യുഎഇ ദേശീയ ദിനാഘോഷത്തിനാണ് അദ്ദേഹം അവസാനമായി ദുബായിലെത്തിയത്. കെഎംസിസിയുടെ അതിഥിയായിരുന്നു. കെഎംസിസിയുടെ പാവപ്പെട്ടവർക്ക് നാട്ടിൽ കിണർ കുഴിച്ചു നൽകുന്ന കുടിവെള്ള പദ്ധതിയിലേക്ക് അദ്ദേഹം 60 ലക്ഷം രൂപ സംഭാവന നൽകിയതായി ഇബ്രാഹിം എളേറ്റിൽ ഓർത്തെടുത്തു. കോഴിക്കോട് സിഎച്ച് സെന്ററിലേക്ക് വർഷങ്ങളോളം അദ്ദേഹത്തിന്റെ സഹായം ഒഴുകിയെത്തി.

ദുബായ് അൽ ബറാഹയിലെ കെഎംസിസിയുടെ മുറ്റത്തുവെച്ച് നടന്നൊരു പരിപാടിയിൽ പാവപ്പെട്ടവർക്കായി ചോദിച്ചൊരു സഹായത്തിന് അദ്ദേഹം 50 ലക്ഷം രൂപയാണ് നൽകിയത്. പൊതുമാപ്പ് സമയത്തുൾപ്പെടെ സിജെ റോയിയുടെ സഹായം പ്രവാസികൾക്കുണ്ടായി.

പൊതുമാപ്പിൽ നാട്ടിലേക്ക് മടങ്ങാനിരുന്ന ഒട്ടേറെ പ്രവാസികൾക്കാണ് അദ്ദേഹം വിമാന ടിക്കറ്റ് നൽകിയത്. അതിനായി രണ്ട് വിമാനമാണ് ചാർട്ടർ ചെയ്തത്. നൽകിയ സഹായങ്ങൾക്കൊന്നും യാതൊരു മാധ്യമ പബ്ലിസിറ്റിയും അദ്ദേഹം ആഗ്രഹിച്ചില്ല. ഗൾഫിൽ അത്തരക്കാർക്കൊരു അപവാദം കൂടിയായിരുന്നു സിജെ റോയ്. അറിഞ്ഞത് ഇത്രയുമാണെങ്കിൽ നമ്മളറിയാത്ത സഹായങ്ങൾ ഇതിലുമേറെ നിൽക്കും.

ബെംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കോൺഫിഡന്റ് ഗ്രൂപ്പ് ദുബായിലാണ് കൂടുതലും ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. അതുകൊണ്ടുതന്നെ പ്രവാസി ബിസിനസ് ലോകത്തും ഞെട്ടലാണ് ഈ മരണ വാർത്ത. ദുബായിൽ തുടക്കമിട്ട ഫ്‌ലാഗ്ഷിപ്പ് റിയൽ എസ്‌റ്റേറ്റ് പദ്ധതി പൂർത്തീകരിക്കാതെ പാതിവഴിയിലാണ് ഇദ്ദേഹത്തിന്റെ മടക്കം.

2024 ലാണ് ആദ്യ പദ്ധതിക്ക് ദുബായിൽ തുടക്കമിടുന്നത്. 'കോൺഫിഡന്റ് ലാൻകാസ്റ്റർ' എന്ന പേരിലുള്ള പദ്ധതിയുടെ നിർമാണം പൂർത്തിയാക്കിയത് വെറും 11 മാസം കൊണ്ടാണ്. ഇതിന്റെ മുഴുവൻ യൂനിറ്റുകളും ഉടമകൾക്ക് കൈമാറുകയും ചെയ്തിരുന്നു. തുടർന്ന് 2025 സെപ്റ്റംബറിലാണ് ദുബായ് ലിവാനിൽ പുതിയ ആഢംബര താമസ സമുച്ചയത്തിന് കോൺഫിഡന്റ് ഗ്രൂപ്പ് തുടക്കമിട്ടത്. 'കോൺഫിഡന്റ് പ്രസ്റ്റൻ' എന്ന പേരിലാണ് ലിവാനിൽ 99 സ്മാർട്ട് ഹോം യൂണിറ്റ് ഉൾപ്പെടുന്ന ബഹുനില സമുച്ചയത്തിന് തറക്കല്ലിട്ടത്. ഈ ചടങ്ങിൽ മകനോടൊപ്പം സി.ജെ റോയിയും പങ്കെടുത്തിരുന്നു. ഈ പദ്ധതി അതിവേഗത്തിൽ പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിത മടക്കം.

ബാങ്ക് വായ്പയില്ലാതെയാണ് കോൺഫിഡന്റ് ഗ്രൂപ്പിന്റെ പുതിയ പദ്ധതികളെല്ലാം മുന്നോട്ടുകൊണ്ടുപോകുന്നതെന്നാണ് അന്ന് അദ്ദേഹം ചടങ്ങിൽ വ്യക്തമാക്കിയിരുന്നത്. സീറോ ഡബ്റ്റ് എന്നതാണ് കോൺഫിഡന്റ് ഗ്രൂപ്പിന്റെ നയമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സാംസ്‌കാരിക നേതാക്കളുമായും മാധ്യമങ്ങളുമായും അടുത്ത സൗഹൃദബന്ധം കാത്തുസൂക്ഷിച്ചിരുന്നു.

ടോവിനോ നായകനായി പുറത്തിറങ്ങിയ ഐഡന്റിറ്റിക്ക് ശേഷം കോൺഫിഡന്റ് ഗ്രൂപ്പ് നിർമിക്കുന്ന അനോമി, ബാംഗ്ലൂർ ഹൈ എന്നീ സിനിമകൾ ഉടൻ തിയേറ്ററുകളിലെത്തുമെന്നും ഡോ. റോയ് സി.ജെ പ്രഖ്യാപിച്ചിരുന്നു. മകനും ഗ്രൂപ്പിന്റെ ദുബായ് എം.ഡി.യുമായ രോഹിത് റോയിയുടെ ജന്മദിനാഘോഷവും അന്നത്തെ തറക്കല്ലിടൽ ചടങ്ങിൽ നടന്നു.

ആഡംബര കാറുകളുടെ പ്രേമി കൂടിയായ ഇദ്ദേഹം പലപ്പോഴും മാധ്യമങ്ങളിൽ വാർത്തയാകാറുമുണ്ട്. ലോകത്തിലെ ഏറ്റവും വിലകൂടിയ കാറുകളുടെ ഉടമയാണ് അദ്ദേഹം. റോൾസ് റോയ്‌സിന്റെ പുതിയ മോഡൽ ഉൾപ്പെടെ 10-ലേറെ വാഹനങ്ങൾ അദ്ദേഹത്തിന്റെ ദുബായിലെ എമിറേറ്റ്‌സ് ഹിൽസിലുള്ള സ്വന്തം വീട്ടിലുണ്ട്. വ്യവസായ മേഖലയിൽ എന്നതിലുപരി ദുബായിൽ എല്ലാ മേഖലയിലും അദ്ദേഹം കയ്യൊപ്പ് ചാർത്തി എല്ലാവർക്കും ഇഷ്ട്ടപെട്ട വ്യക്തിയായി. ഭക്ഷണ പ്രിയൻ കൂടിയായിരുന്നു. ദുബായിലെത്തുമ്പോഴെല്ലാം സുഹൃത്തുക്കളുമായി ചേർന്ന് ഇഷ്ട്ടപ്പെട്ട ഭക്ഷണം സ്വയം പാകം ചെയ്തു, മറ്റുള്ളവരെ കഴിപ്പിച്ചും ജീവിതം ആസ്വദിക്കുകയായിരുന്നു. പ്രവാസത്തിന്, ബിസിനസ് മേഖലക്ക് വലിയ നഷ്ടമാണ് ഈ വിയോഗം.

Content Highlights: Remembering Dr. CJ Roy, Chairman of Confident Group, who passed away. A visionary businessman and a beacon of hope for expatriates in Dubai. His contributions and legacy.