ആയുഷ് സമ്മേളനം ചൊവ്വാഴ്ച സമാപിക്കും

ദുബായ്: വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന മൂന്നാമത് അന്താരാഷ്ട്ര ആയുഷ് സമ്മേളനവും പ്രദർശനവും ചൊവ്വാഴ്ച സമാപിക്കും. കഴിഞ്ഞ രണ്ട് ദിവസവും പതിനായിരക്കണക്കിന് സന്ദർശകരാണ് മേള കാണാനെത്തിയത്. ഞായറാഴ്ച രാവിലെ നടന്ന ചടങ്ങിൽ ഇന്ത്യയുടെ പാരമ്പര്യ ചികിത്സാരീതികളെ ലോകത്തിന് പരിചയപ്പെടുത്തുന്ന മേളയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി പ്രതാപ് റാവു ജാദവ് ആണ് നിർവഹിച്ചത്. കേന്ദ്ര ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച്ചാ, ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തൽ, ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ആയുർവേദം, യോഗ, നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ ആഗോള പ്രചാരണമാണ് മേളയുടെ പ്രധാനലക്ഷ്യം. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെയും ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെയും രക്ഷാകർതൃത്വത്തിൽ സയൻസ് ഇന്ത്യ ഫോറവും വേൾഡ് ആയുർവേദ ഫൗണ്ടേഷനും ചേർന്നാണ് മേള സംഘടിപ്പിക്കുന്നത്. 35-ലേറെ രാജ്യങ്ങളിൽനിന്നുള്ള 1500-ലേറെ ആയുഷ് പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
31 അന്താരാഷ്ട്ര പ്രഭാഷകർ സമ്മേളനത്തെ അഭിസംബോധന ചെയ്യും. ആയുഷ് ആശുപത്രികൾ, ക്ലിനിക്കുകൾ, ഫാർമസ്യൂട്ടിക്കൽ നിർമാതാക്കൾ, ഗവേഷണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ 45-ലേറെ പ്രദർശനസ്റ്റാളുകളാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. ആയുഷ് സമ്പ്രദായത്തെക്കുറിച്ചുള്ള ഷോർട്ട് ഫിലിം ഫെസ്റ്റിവലും വേദിയിൽ നടക്കും. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.
Content Highlights: International AYUSH Conference in Dubai Concludes Tomorrow: A Global Showcase of Traditional Indian Medicine