ലോക ആയുഷ് സമ്മേളനത്തിന് ഞായറാഴ്ച തുടക്കം

ദുബായ്: ലോകമെമ്പാടുമുള്ള ആരോഗ്യരംഗത്തെ ഗവേഷകരെയും പ്രൊഫഷണലുകളെയും ഒന്നിപ്പിക്കുന്ന മൂന്നാമത് ആയുഷ് കോൺഫറൻസിനും പ്രദർശനത്തിനും (ഐ.എ.സി.ഇ) ഞായറാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമാകും. ഫെബ്രുവരി 15 മുതൽ 17 വരെയാണ് ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ സവിശേഷതകളെ ലോകജനതക്ക് പരിചയപ്പെടുത്തുന്ന വിപുലമായ സമ്മേളനം.
ആയുഷ് മന്ത്രാലയത്തിന്റെയും ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെയും രക്ഷാകർതൃത്വത്തിൽ സയൻസ് ഇന്ത്യ ഫോറവും വേൾഡ് ആയുർവേദ ഫൗണ്ടേഷനും ചേർന്നാണ് അന്താരാഷ്ട്ര ആയുഷ് കോൺഫറൻസ് ആൻഡ് എക്സിബിഷൻ 2026 സംഘടിപ്പിക്കുന്നത്. എവിഡൻസ് ബേസ്ഡ് ആയുഷ് ഇന്റർവെൻഷൻസ് ഇൻ മൈൻഡ്-ബോഡി ഹെൽത്ത് എന്ന പ്രമേയത്തിലാണ് പരിപാടി. 35 ലേറെ രാജ്യങ്ങളിൽനിന്നുള്ള 1500 ലേറെ ആയുഷ് പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. 31 അന്താരാഷ്ട്ര പ്രഭാഷകർ സമ്മേളനത്തെ അഭിസംബോധന ചെയ്യും. ആയുഷ് ആശുപത്രികൾ, ക്ലിനിക്കുകൾ, ഫാർമസ്യൂട്ടിക്കൽ നിർമ്മാതാക്കൾ, ഗവേഷണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയും 45 ലേറെ പ്രദർശനസ്റ്റാളുകൾ ഉണ്ടായിരിക്കും. ആയുഷ് സമ്പ്രദായത്തെക്കുറിച്ചുള്ള ഷോർട്ട് ഫിലിം ഫെസ്റ്റിവലും വേദിയിൽ നടക്കും. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കും.
അരലക്ഷത്തോളം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. ആയുഷ് മന്ത്രാലയത്തിന്റെ രക്ഷാകർതൃത്വത്തിൽ 2017 ലും 2024 ലും ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ സമ്മേളനം വിജയകരമായി സംഘടിപ്പിച്ചിരുന്നു.
ആയുഷ് ഗവേഷണം, വിദ്യാഭ്യാസം, ഗ്രീൻ മെഡിസിൻ എന്നീ മേഖലകളിൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണത്തിന്റെ സാധ്യതകൾ ഉൾപ്പെടെ സമ്മേളനത്തിൽ പരിശോധിക്കും. ആയുഷ് ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും നിക്ഷേപത്തെയും വ്യാപാരത്തെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ആയുഷ് ഫാർമ, എഫ്എംസിജി ഉൽപ്പന്നങ്ങൾ, ആയുഷ് സേവന ദാതാക്കൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, ജൈവ ഉൽപ്പന്നങ്ങൾ, ആയുഷ് ഉപകരണങ്ങൾ, വിവിധ സർക്കാർ ആയുഷ് സംവിധാനങ്ങൾ എന്നിവയും അന്താരാഷ്ട്ര പ്രദർശനം, ആയുഷ് സംവിധാനങ്ങളെക്കുറിച്ച് പൊതുജന അവബോധമുണ്ടാക്കാനായി വിവിധ പരിപാടികളുമുണ്ടാകും.
ഇന്ത്യയിൽനിന്നും ആയുർവേദ, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോ ചികിത്സാ മേഖലകളിൽ നിന്നുള്ള പ്രമുഖരും ആരോഗ്യ വിദഗ്ദരും ആയുഷ് സമ്മേളനത്തിൽ പങ്കെടുക്കാനെത്തും. ഗ്ലോബൽ ഹോമിയോപ്പതിക് ഫൗണ്ടേഷൻ, എമിറേറ്റ്സ് ആയുർവേദ ഗ്രാജുവേറ്റ്സ് അസോസിയേഷൻ, നിരവധി ആയുഷ് സംഘടനകളും സമ്മേളനത്തിൽ പങ്കാളികളാകും. പരമ്പരാഗത ചികിത്സാ മേഖലകളിൽ പേരെടുത്തവർ മൂന്നുദിവസത്തെ സമ്മേളനത്തിൽ സംസാരിക്കും. ഇന്ത്യ, യൂറോപ്പ്, അമേരിക്ക, മലേഷ്യ, ഓസ്ട്രേലിയ, ആഫ്രിക്ക, ജിസിസി രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള നയരൂപകർത്താക്കൾ, പ്രമുഖ വ്യക്തികൾ, ആയുഷ് സംവിധാനത്തിലെ വിദഗ്ധർ എന്നിവരുമെത്തും.
ആയുഷ് സംവിധാനത്തിന്റെ കീഴിലുള്ള കമ്പനികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സേവനദാതാക്കൾ, ആശുപത്രികൾ, ഗവേഷണ സ്ഥാപനങ്ങൾ, മരുന്ന് നിർമാണ കമ്പനികൾ തുടങ്ങിയവ അണിനിരത്തിയുള്ള പ്രദർശനമാണ് പരിപാടിയുടെ ആകർഷണം. വിട്ടുമാറാത്ത രോഗങ്ങളുടെ പ്രതിരോധത്തെക്കുറിച്ച് ആഗോള അവബോധം സൃഷ്ടിക്കുകയെന്നതാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.
Content Highlights: Discover the 3rd AYUSH Conference & Exhibition in Dubai, Feb 15-17, 2026. Explore Ayurveda, Yoga, Naturopathy & more. Free entry for public!