ദേശീയ സ്കേറ്റ് റാങ്കിങ് ചാമ്പ്യൻഷിപ്പിൽ അൻവിത സ്റ്റാലിന് ഇരട്ടനേട്ടം

ഷാർജ : ദേശീയ സ്കേറ്റ് റാങ്കിങ് ചാമ്പ്യൻഷിപ്പിൽ (2025) ഷാർജ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾവിദ്യാർഥിനി അൻവിത സ്റ്റാലിൻ ഇരട്ടമെഡലുകൾ സ്വന്തമാക്കി. പാർക്ക് സ്കേറ്റ് റാങ്കിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡലും സ്ട്രീറ്റ് സ്കേറ്റ് റാങ്കിങ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡലുമാണ് അൻവിത നേടിയത്. ചണ്ഡീഗഢിൽവെച്ചാണ് ദേശീയ സ്കേറ്റിങ് ചാമ്പ്യൻഷിപ്പ് നടന്നത്.
തൃശ്ശൂർ ഏങ്ങണ്ടിയൂർ സ്വദേശിനിയാണ് അൻവിത. സ്റ്റാലിൻ മേലേടത്തിന്റെയും ഷൈനിയുടെയും മകളാണ്. ഷാർജ ഇന്ത്യ ഇന്റർനാഷനൽ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. സ്കൂൾ പ്രിൻസിപ്പിൽ ഡോ. മഞ്ജു റെജി, അസി. ഡയറക്ടർ സഫാ ആസാദ് തുടങ്ങിയവർ അൻവിതയെ അഭിനന്ദിച്ചു.
Content Highlights: Anvita Stalin won gold and silver medals in the National Skating Championship held in Chandigarh