കേരളത്തിലേക്ക് 4 പുതിയ സർവീസ്, 150 അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടെ പ്രതിദിനം 585; എയർ ഇന്ത്യ എക്‌സ്പ്രസ് ശൈത്യകാല ഷെഡ്യൂൾ

ദുബായ്: കൊച്ചി- ബാങ്കോക്ക്, കൊച്ചി- കുവൈത്ത്, തിരുവനന്തപുരം- ബഹ്‌റൈൻ, തിരുവനന്തപുരം- റിയാദ് എന്നിവയുൾപ്പടെ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽനിന്നും 150 അന്താരാഷ്ട്ര സർവീസുകളുമായി എയർ ഇന്ത്യ എക്‌സ്പ്രസിന്റെ വിപുലീകരിച്ച ശൈത്യകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവും വിപുലമായ ഈ ശൈത്യകാല ഷെഡ്യൂളിൽ 435 ആഭ്യന്തര സർവീസുകൾ ഉൾപ്പടെ പ്രതിദിനം 585 വിമാന സർവീസുകളുമാണുള്ളത്. ഒക്ടോബർ 25 മുതൽ ഘട്ടംഘട്ടമായി പുതിയ ഷെഡ്യൂൾ നടപ്പാക്കും. 105-ലേറെ വിമാനങ്ങളാണ് നിലവിൽ എയർ ഇന്ത്യ എക്‌സ്പ്രസിനുള്ളത്.
ആഭ്യന്തര, അന്താരാഷ്ട്ര മേഖലകളിലായി 40-ലേറെ പുതിയ റൂട്ടുകളിൽ എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് ആരംഭിക്കും. 2026-ലെ വേനൽക്കാല ഷെഡ്യൂളിൽ ആഴ്ചതോറും 3,150 സർവീസുകളാണ് ഉണ്ടായിരുന്നത്. പുതിയ സമയക്രമം പ്രകാരം ഇത് ഏകദേശം 4,100 ആയി ഉയരും. വൺ സ്റ്റോപ്പ് കണക്ഷൻ സർവീസുകളുടെ എണ്ണം ആഴ്ചതോറും ഏകദേശം 1,600 ആയി ഉയരും. നേരത്തെയിത് 1,330 ആയിരുന്നു.
ശൈത്യകാല ഷെഡ്യൂളിന്റെ ഭാഗമായി കൊച്ചി- ബാങ്കോക്ക്, ബാങ്കോക്ക്- ഇൻഡോർ, ലഖ്നൗ- റാസൽഖൈമ, ഫുക്കറ്റ്- ഹൈദരാബാദ് റൂട്ടുകളിൽ ആഴ്ചയിൽ നാല് സർവീസുകൾ വീതം നടത്തും. ബഹ്‌റൈൻ- തിരുവനന്തപുരം, ബാങ്കോക്ക്- വിശാഖപട്ടണം, മംഗളൂരു- റാസൽഖൈമ റൂട്ടുകളിൽ ആഴ്ചയിൽ രണ്ട് വീതവും റിയാദ്- തിരുവനന്തപുരം, ഷാർജ- സൂറത്ത് റൂട്ടുകളിൽ ആഴ്ചയിൽ മൂന്ന് വരെയും സർവീസുകൾ ഉണ്ടായിരിക്കും. അബുദാബി- ഗോവ (മോപ്പ), അമൃത്സർ- അബുദാബി എന്നിവിടങ്ങളിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ വീതം ആരംഭിക്കും.
ബെംഗളൂരു- കാഠ്മണ്ഡു, ദുബായ്- ഗോവ (ദബോലിം) റൂട്ടുകളിൽ ആഴ്ചയിൽ ഏഴ് സർവീസുകൾ വീതം ഉണ്ടായിരിക്കും. കൊച്ചി- കുവൈത്ത്, ലഖ്നൗ- റിയാദ്, മംഗളൂരു- കുവൈത്ത്, മുംബൈ- കുവൈത്ത് റൂട്ടുകളിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ വീതവും ഉണ്ടായിരിക്കും. ഭോപ്പാൽ- ഷാർജ റൂട്ടിൽ മൂന്ന് സർവീസുകളും ചണ്ഡീഗഢ്- ഷാർജ നാല് സർവീസുകളും ചെന്നൈ- സിംഗപുർ 14 സർവീസുകളും ഡൽഹി- റിയാദ് നാല് സർവീസുകളും നടത്തും.
ആഭ്യന്തര മേഖലയിൽ അഹമ്മദാബാദ്- ഡൽഹി, ബെംഗളൂരു- ഗോവ (മോപ്പ), ബെംഗളൂരു- ജോധ്പൂർ, ബെംഗളൂരു- മധുര, ഡൽഹി- ശ്രീ വിജയപുരം (പോർട്ട് ബ്ലെയർ), ഡൽഹി- ഉദയ്പൂർ, ഹൈദരാബാദ്- പുണെ, മുംബൈ- നാഗ്പൂർ റൂട്ടുകളിൽ ആഴ്ചയിൽ ഏഴ് വീതം സർവീസുകൾ നടത്തും.
ബെംഗളൂരു- കോയമ്പത്തൂർ റൂട്ടിൽ ആഴ്ചയിൽ 14 സർവീസുകൾ ഉണ്ടായിരിക്കും. ഭുവനേശ്വർ- ശ്രീ വിജയപുരം (പോർട്ട് ബ്ലെയർ) റൂട്ടിൽ നാല് സർവീസുകളും ഭോപ്പാൽ- നവി മുംബൈയിൽ മൂന്ന് സർവീസുകളും ഡൽഹി- ജയ്പൂരിൽ അഞ്ച് സർവീസുകളും ഹൈദരാബാദ്- മംഗളൂരുവിൽ മൂന്ന് സർവീസുകളും ഇൻഡോർ- നവി മുംബൈയിൽ നാല് സർവീസുകളും നടത്തും. കൊൽക്കത്ത- പുണെ റൂട്ടിൽ ആഴ്ചയിൽ രണ്ട് സർവീസുകളുമുണ്ടാകും.
Content Highlights: Air India Express announced an expanded winter schedule with 150 international services and 435 domestic services, totaling 585 daily flights, starting from October 25. The airline will introduce services on over 40 new routes, increasing weekly flights from 3,150 to approximately 4,100, and one-stop connection services from 1,330 to about 1,600. New routes include weekly services such as Kochi-Bangkok, Bangkok-Indore, Lucknow-Ras Al Khaimah, and Bengaluru-Kathmandu, among others, with varying frequencies.