യു.എ.ഇയിൽ ആദ്യത്തെ ഇൻ-സ്റ്റോർ റോബോട്ടിക് അഡ്വർടൈസിംഗ് നെറ്റ്വർക്ക്' പ്രഖ്യാപിച്ച് ലുലു

ഉദ്ഘാടനചടങ്ങില്‍നിന്ന്
ഉദ്ഘാടനചടങ്ങില്‍നിന്ന്

അബുദാബി: ഉപഭോക്താക്കളുടെ ഷോപ്പിംഗ് അനുഭവം കൂടുതൽ ആകർഷകമാക്കുന്നതിനും ബ്രാൻഡുകൾക്ക് ഉൽപ്പന്നങ്ങൾ നേരിട്ട് പ്രദർശിപ്പിക്കുന്നതിനുമായി യു.എ.ഇയിലെ ആദ്യത്തെ 'ഇൻ-സ്റ്റോർ റോബോട്ടിക് അഡ്വർടൈസിംഗ് നെറ്റ്വർക്ക്' പ്രഖ്യാപിച്ച് ലുലു റീട്ടെയിൽ.

പ്രമുഖ സാങ്കേതിക കമ്പനിയായ കോഡി മിഡിൽ ഈസ്റ്റ് ഹോൾഡിംഗുമായി സഹകരിച്ചാണ് എഐ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഈ റോബോട്ടിക് മീഡിയ പ്ലാറ്റ്ഫോം ലുലു ആരംഭിച്ചിരിക്കുന്നത്.

പദ്ധതിയുടെ ആദ്യ ഘട്ടമായി യു.എ.ഇയിലുടനീളമുള്ള 30 ലുലു ഹൈപ്പർമാർക്കറ്റുകളിലായി 62 'ഓഡിഗോ' എഐ റോബോട്ടുകളെ വിന്യസിച്ചു കഴിഞ്ഞു. സ്റ്റോറുകൾക്കുള്ളിൽ സ്വയം സഞ്ചരിക്കുന്ന ഈ റോബോട്ടുകൾ ഉപഭോക്താക്കൾക്ക് ആവശ്യമുള്ള ഉൽപ്പന്നങ്ങൾ കണ്ടെത്താനും, ഓഫറുകൾ മനസ്സിലാക്കാനും, ഉൽപ്പന്നങ്ങളിലേക്ക് വഴിനടത്താനും സഹായിക്കും. തത്സമയം മാറ്റങ്ങൾ വരുത്താൻ സാധിക്കുന്ന ഇന്ററാക്ടീവ് പരസ്യങ്ങളാണ് ഇവ ഡിസ്പ്ലേ ചെയ്യുന്നത്.
അബുദാബിയിൽ നടന്ന ചടങ്ങിൽ ലുലു റീട്ടെയിൽ സി.ഇ.ഒ സെയ്ഫി രൂപവാലയും കോഡി മിഡിൽ ഈസ്റ്റ് ഹോൾഡിംഗ് സി.ഇ.ഒ സഞ്ജയ് കിഡച്ചയും ചേർന്ന് ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഓട്ടോമേഷനും സംയോജിപ്പിച്ച് റീട്ടെയിൽ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടു വരാനാണ് ലുലു ലക്ഷ്യമിടുന്നതെന്ന് ലുലു റീട്ടെയിൽ സി.ഇ.ഒ സെയ്ഫി രൂപവാല പറഞ്ഞു. ബ്രാൻഡ് പങ്കാളികൾക്ക് ഉപഭോക്താക്കളിലേക്ക് നേരിട്ടെത്താനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് കോഡി മിഡിൽ ഈസ്റ്റ് സി.ഇ.ഒ സഞ്ജയ് കിഡച്ചയും വ്യക്തമാക്കി.

ലുലു റീട്ടെയിൽ ചീഫ് ഓപ്പറേറ്റിംഗ് ആൻഡ് സ്ട്രാറ്റജി ഓഫീസർ സലീം വി.ഐ, മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ നന്ദകുമാർ വി, ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ ഷാബു അബ്ദുൽ മജീദ് എന്നിവരും കോഡി മിഡിൽ ഈസ്റ്റ് ചെയർമാൻ മാനവ് പട്ടേൽ, ഡയറക്ടർ ദീപ് പഞ്ചാൽ, ചീഫ് ബിസിനസ് ഓഫീസർ ജിനോ കോശി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. പങ്കാളികളായ ലുലു സ്റ്റോറുകളിൽ റോബോട്ടിക് നെറ്റ്വർക്ക് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.