അബുദാബിയിലെ അൽ ഷഹാമയിൽ ലുലു ഹൈപ്പർമാർക്കറ്റ് വരുന്നു

അബുദാബി: അബുദാബിയിലെ അൽ ഷഹാമയിൽ 2.10 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ അത്യാധുനിക ഹൈപ്പർമാർക്കറ്റ് ആരംഭിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്. മഖാം ഇന്റർനാഷണൽ ഹോൾഡിങ് കമ്പനി നടപ്പാക്കുന്ന വൻകിട പാർപ്പിട, വാണിജ്യ വികസന പദ്ധതിയുടെ ഭാഗമായാണ് പുതിയ ഹൈപ്പർമാർക്കറ്റ് വരുന്നത്. ഇതുസംബന്ധിച്ച കരാറിൽ മഖാം ഇന്റർനാഷണൽ ഹോൾഡിങ് കമ്പനി ചെയർമാൻ ഷെയ്ഖ് സുറൂർ ബിൻ മുഹമ്മദ് അൽ നഹ്യാനും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും അബുദാബിയിൽ ഒപ്പുവച്ചു.
മഖാം ഇന്റർനാഷണൽ ഹോൾഡിങ്ങിന്റെ അനുബന്ധ സ്ഥാപനമായ സുനാദ് റിയൽ എസ്റ്റേറ്റ് മാനേജ്മെന്റാണ് പദ്ധതി വികസിപ്പിക്കുന്നത്. 2027-ലെ യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. അൽ ഷഹാമ, അൽ ബാഹിയ, യാസ് ഐലൻഡ് തുടങ്ങിയ പ്രദേശങ്ങളിലെ താമസക്കാർക്ക് പുതിയ ഹൈപ്പർമാർക്കറ്റ് ഏറെ സൗകര്യപ്രദമാകും. പ്രധാന ഹൈവേകളിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാവുന്ന സ്ഥലത്താണ് പദ്ധതി ഒരുങ്ങുന്നത്. വിശാലമായ പാർക്കിങ് സൗകര്യവും ഒരുക്കും.
അബുദാബിയിൽ മികച്ച നിക്ഷേപ പദ്ധതികൾ തുടരുമെന്ന് എം.എ യൂസഫലി
അബുദാബിയാണ് ലുലുവിന്റെ വളർച്ചയ്ക്ക് അടിത്തറയിട്ടതെന്നും എമിറേറ്റിന്റെ വികസനത്തിനൊപ്പം കൂടുതൽ നിക്ഷേപങ്ങൾ നടത്തുമെന്നും എം.എ. യൂസഫലി പറഞ്ഞു. അൽ ഷഹാമയിലെയും സമീപ പ്രദേശങ്ങളിലെയും കുടുംബങ്ങൾക്ക് മികച്ച ഷോപ്പിങ് അനുഭവവും കൂടുതൽ സൗകര്യങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും യൂസഫലി വ്യക്തമാക്കി. അബുദാബിയിലെ അതിവേഗം വളരുന്ന പാർപ്പിട മേഖലകളിൽ ലുലുവിന്റെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതാണ് പുതിയ പദ്ധതി. വിപുലമായ പദ്ധതികളാണ് അബുദാബിയിൽ ലുലു നടപ്പാക്കുന്നത്. ലുലു ഗ്രൂപ്പ് സി.ഇ.ഒ സൈഫി രൂപാവാല, എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ് റഫ് അലി, ഗ്രൂപ്പ് സി. ഒ.ഒ. സലീം വി.ഐ, പ്രൊജക്ട്സ് ഡയറക്ടർ ടി. അബുബക്കർ, ഗ്രൂപ്പ്ക മ്യൂണിക്കേഷൻസ് ഡയറക്ടർ വി.നന്ദകുമാർ ലുലു അബുദാബി ഡയറക്ടർ അജയ് കുമാർ എന്നിവരും സംബന്ധിച്ചു.