അബുദാബിയിലെ ഭക്ഷണശാലകളിലും ഷോപ്പുകളിലുമെല്ലാം വ്യാപക പരിശോധന; ഏഴ് സ്ഥാപനങ്ങള്‍ അടപ്പിച്ചു

Photo: Special arrangement
Photo: Special arrangement

അബുദാബി: ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന് ഈ വര്‍ഷം ഇതുവരെ ഏഴ് സ്ഥാപനങ്ങള്‍ അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അഡാഫ്‌സ) അധികൃതര്‍ അടപ്പിച്ചു. ഹംദാന്‍ സ്ട്രീറ്റിലെ ഒരു കഫ്തീരിയയും റസ്റ്ററന്റും, അല്‍ ഖാലിദിയയിലെ സൂപ്പര്‍മാര്‍ക്കറ്റ്, അല്‍ അജ്ബാനിലെ കോഴി ഫാം, മുസഫ വ്യവസായ മേഖലയിലെ സൂപ്പര്‍മാര്‍ക്കറ്റ്, സല്‍ ഷഹ്‌മയിലെ ഒരു വാണിജ്യ സ്ഥാപനം, മുസഫ ഒന്‍പതിലെ ഗ്രോസറി എന്നിവയാണ് അടപ്പിച്ചത്. 

സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പൊതുജനാരോഗ്യത്തിന് ഹാനീകരമാണെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. എമിറേറ്റിന്റെ ഭക്ഷ്യസുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിന് അഡാഫ്‌സ കര്‍ശന നിലപാട് സ്വീകരിക്കുന്നുണ്ട്. ഭക്ഷ്യ സ്ഥാപനങ്ങളിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷാ ഇന്‍സ്പെക്ടര്‍മാര്‍ വ്യാപക പരിശോധനകളാണ് നടത്തിവരുന്നത്.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ബോധവത്കരണ പ്രചാരണങ്ങളും നടത്തുന്നുണ്ട്. നിയമലംഘനം നടത്തിയ 23 റസ്റ്ററന്റുകള്‍ കഴിഞ്ഞ വര്‍ഷം അടപ്പിപ്പിച്ചിരുന്നു. അനുചിതമായ ഭക്ഷ്യ സംഭരണ രീതികള്‍, കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്തുക്കള്‍, വൃത്തിഹീനമായ അടുക്കള, ഭക്ഷ്യ പായ്ക്കറ്റുകളില്‍ ലേബലുകളുടെ അഭാവം തുടങ്ങിയവ കണക്കിലെടുത്താണ് നിയമനടപടികള്‍ സ്വീകരിച്ചത്. ചില സ്ഥാപനങ്ങളില്‍ ഭക്ഷ്യവിഷബാധയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉപഭോക്താക്കളുടെ പരാതികളുടെ അടിസ്ഥാനത്തിലും ഭക്ഷ്യസ്ഥാപനങ്ങളില്‍ സൂക്ഷ്മ പരിശോധനകള്‍ നടത്തുന്നുണ്ട്. 

സ്ഥാപനങ്ങളിലെ ശുചിത്വ നിലവാരം, താപനില നിയന്ത്രണ സംവിധാനം, സ്ഥാപനത്തിന്റെ പ്രവര്‍ത്തനാനുമതി എന്നിവയെല്ലാം പരിശോധിക്കുന്നുണ്ട്. ഭക്ഷ്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഭക്ഷ്യസുരക്ഷയില്‍ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുന്നുമുണ്ട്. ഭക്ഷ്യസ്ഥാപനങ്ങളുടെ നിലവാരം മനസിലാക്കാന്‍ ഉപഭോക്താക്കള്‍ക്ക് സദ്‌ന റേറ്റിങ് ആപ്പ് ഉപയോഗിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എമിറേറ്റിലെ 9000-ലേറെ ഭക്ഷ്യസ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ആപ്പിലുണ്ട്. ഭക്ഷ്യസ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ക്യൂ.ആര്‍. കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ അതോറിറ്റി നല്‍കിയ റേറ്റിങുകള്‍ വ്യക്തമാകും. ഭക്ഷ്യസ്ഥാപനങ്ങളിലെ നിയമലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് 800555-ല്‍ റിപ്പോര്‍ട്ട് ചെയ്യാം.

Content Highlights: Abu Dhabi Shuts 7 Food Outlets for Violations