ഇത്തിഹാദ് റെയിലിന്റെ സ്വാധീനം റിയൽ എസ്റ്റേറ്റ് മേഖലയിലും: അബുദാബിയിലെയും ദുബായിലെയും വാടക വർധിക്കാൻ സാധ്യത

അബുദാബി: അബുദാബിക്കും ദുബായിക്കും ഇടയിൽ ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് ആരംഭിച്ചതോടെ ഇരു എമിറേറ്റുകളിലെയും റിയൽ എസ്റ്റേറ്റ് മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നു. റെയിൽവേ സ്റ്റേഷനുകൾക്ക് സമീപമുള്ള വീടുകളുടെയും അപ്പാർട്ട്‌മെന്റുകളുടെയും വിൽപ്പനവില ഉയരുന്നതിന് മുൻപുതന്നെ വാടക നിരക്കുകളിലാകും ആദ്യ പ്രതിഫലനം കാണാനാവുകയെന്ന് പ്രമുഖ പ്രോപ്പർട്ടി കൺസൾട്ടൻസിയായ 'ബെറ്റർഹോംസ്' പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷൻ, ദുബായിലെ അൽ യലായീസ് സ്റ്റേഷൻ എന്നിവ കേന്ദ്രീകരിച്ച് പ്രോപ്പർട്ടി തിരയുന്നവരുടെ എണ്ണത്തിലും അന്വേഷണങ്ങളിലും വലിയ വർധനവുണ്ടായിട്ടുണ്ട്. യാത്രാസമയം കൃത്യമായി കണക്കാക്കാൻ സാധിക്കുമെന്നതിനാൽ സ്റ്റേഷൻ പരിസരങ്ങളിൽ താമസിക്കാൻ പ്രവാസികളും സ്വദേശികളും കൂടുതൽ താല്പര്യം കാണിച്ചുതുടങ്ങിയിട്ടുണ്ട്.
നിലവിൽ അബുദാബിക്കും ദുബായിക്കും ഇടയിൽ ദിനംപ്രതി 10 സർവീസുകളാണ് ഇത്തിഹാദ് റെയിൽ നടത്തുന്നത്. കേവലം ഒരു മണിക്കൂറും നാല് മിനിറ്റുംകൊണ്ട് അബുദാബിയിൽനിന്ന് ദുബായിൽ എത്തിച്ചേരാം. കംഫർട്ട് ക്ലാസിൽ 39 ദിർഹം മുതലാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. ജുമൈറ ഗോൾഫ് എസ്റ്റേറ്റ്‌സിന് സമീപമുള്ള അൽ യലായീസ് സ്റ്റേഷനെ പ്രത്യേക കാൽനടപ്പാലം വഴി ദുബായ് മെട്രോ റെഡ് ലൈനുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുണ്ട്.
കൂടാതെ, ഇത്തിഹാദ് റെയിൽ ടിക്കറ്റിനൊപ്പം 22 ദിർഹത്തിന്റെ 'നോൽ വൺ-ഡേ പാസ്' കൂട്ടിച്ചേർക്കുന്നതിലൂടെ യാത്രക്കാർക്ക് ദുബായ് മെട്രോ, ട്രാം, ബസുകൾ എന്നിവയിൽ പരിധിയില്ലാതെ യാത്രചെയ്യാം. അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽനിന്ന് കോർണിഷ് റോഡ്, അഡ്‌നെക്, റീം മാൾ എന്നിവിടങ്ങളിലേക്ക് 10 ദിർഹം നിരക്കിൽ പ്രത്യേക കണക്റ്റിവിറ്റി ബസുകളും ഒരുക്കിയിട്ടുണ്ട്.
അനായാസമായ യാത്രാസൗകര്യം ഉറപ്പുള്ള ഇടങ്ങളിൽ കൂടുതൽ തുക വാടക നൽകാൻ ആളുകൾ തയ്യാറാകുമെന്ന് ബെറ്റർഹോംസ് അബുദാബി ഡയറക്ടർ നദ ഉസ്മാൻ പറഞ്ഞു. ജോലിസ്ഥലത്തിന്റെ തൊട്ടടുത്തുതന്നെ താമസിക്കണമെന്ന പരമ്പരാഗത രീതിക്ക് ഇത്തിഹാദ് റെയിലിന്റെ വരവോടെ മാറ്റം വരികയാണ്. ദുബായിൽ ജോലി ചെയ്യുന്നവർക്ക് അബുദാബിയിലും തിരിച്ചും കുറഞ്ഞ ചെലവിൽ താമസിച്ച് ജോലിക്ക് വരാൻ സാധിക്കും.
ഷാർജയിലെ അൽ ദൈദിൽനിന്ന് സർവീസുകൾ ആരംഭിച്ചതോടെ രാജ്യത്തുടനീളമുള്ള റിയൽ എസ്റ്റേറ്റ് വിപണിയെ ഇത്തിഹാദ് റെയിൽ സ്വാധീനിച്ചു തുടങ്ങിയിട്ടുണ്ട്. വിപണിയിലെ ഡിമാൻഡ് പൂർണമായും രൂപപ്പെടുന്നതോടെ വരുംമാസങ്ങളിൽ സ്റ്റേഷൻ പരിസരങ്ങളിലെ വാടക തുകയിലും തുടർന്ന് വസ്തുക്കളുടെ വിൽപ്പന വിലയിലും കാര്യമായ വർധനവ് പ്രതീക്ഷിക്കാം.