അബുദാബി അന്താരാഷ്ട്ര പുസ്തകമേള അടുത്തമാസം; സെപ്റ്റംബർ 13 മുതൽ 18 വരെ അഡ്‌നെകിൽ

അബുദാബി പുസ്തകമേളയിൽനിന്ന് (ഫയൽ ഫോട്ടോ)
അബുദാബി പുസ്തകമേളയിൽനിന്ന് (ഫയൽ ഫോട്ടോ)

അബുദാബി: യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ, 35-ാമത് അബുദാബി അന്താരാഷ്ട്ര പുസ്തകമേള അടുത്തമാസം 13 മുതൽ 18 വരെ അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ (അഡ്‌നെക്) നടക്കും. ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം - അബുദാബിയുടെ കീഴിലുള്ള അബുദാബി അറബിക് ലാംഗ്വേജ് സെന്ററാണ് മേള സംഘടിപ്പിക്കുന്നത്.

ടേൺ ദ പേജ്, റീഡ് ദ വേൾഡ് എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ മേള. പ്രസാധന രംഗത്തെ പ്രമുഖരും സാംസ്കാരിക-സർഗാത്മക മേഖലയിലെ പ്രശസ്ത വ്യക്തികളും മേളയിൽ ഒത്തുകൂടും. യു.എ.ഇ.യുടെ 'കുടുംബ വർഷ'വുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് 1,500-ഓളം പരിപാടികളാണ് ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്.

95 രാജ്യങ്ങളിൽ നിന്നുള്ള പ്രദർശകരും ലോകമെമ്പാടുമുള്ള പ്രമുഖ എഴുത്തുകാരും ചിന്തകരും അക്കാദമിക് വിദഗ്ധരും മേളയിൽ പങ്കെടുക്കും. ബാൾക്കൻസ് ആണ് ഇത്തവണത്തെ അതിഥികൾ.

പ്രശസ്ത പണ്ഡിതനായ അൽ ഖലീൽ ഇബ്ൻ അഹ്‌മദ് അൽ ഫറാഹിദിയെ 'ഫോക്കസ് പേഴ്‌സണാലിറ്റി'യായി ആദരിക്കും. മിഗ്വൽ ഡി സെർവാന്റസിന്റെ 'ഡോൺ ക്വിക്‌സോട്ട്' ബുക്ക് ഓഫ് ദ വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മേളയുടെ 35 വർഷത്തെ ചരിത്രത്തിൽ ആദ്യമായി, ആഘോഷങ്ങളുടെ ഭാഗമായി ഒരു പ്രത്യേക ഉദ്ഘാടന ചടങ്ങും സംഘടിപ്പിക്കുന്നുണ്ട്. സംഗീതത്തിന്റെയും ദേശഭക്തി ഗാനങ്ങളുടെയും അകമ്പടിയോടെയുള്ള സാംസ്കാരിക പരിപാടികളും അൽ-ഖലീൽ ഇബ്ൻ അഹ്‌മദ് അൽ-ഫറാഹിദിയുടെ ജീവിതം ആസ്പദമാക്കിയുള്ള നാടകാവതരണവും ചടങ്ങിന് മാറ്റുകൂട്ടും.

കുട്ടികൾക്കും യുവാക്കൾക്കുമായി പ്രത്യേക വിദ്യാഭ്യാസ-സർഗാത്മക പരിപാടികളും പ്രസാധന രംഗത്തെ പുതിയ പ്രവണതകളെക്കുറിച്ചുള്ള പ്രത്യേക കോൺഫറൻസും മേളയുടെ ഭാഗമായി നടക്കും. കൂടാതെ, പ്രശസ്ത കവികൾ പങ്കെടുക്കുന്ന പുതിയ 'കവിതാരാവുകൾ' പരിപാടിയും ഇത്തവണത്തെ പ്രത്യേകതയാണ്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലെ നേട്ടങ്ങൾ അടയാളപ്പെടുത്തുന്ന 2026-ലെ ശൈഖ് സായിദ് പുസ്തക അവാർഡ് ദാനച്ചടങ്ങും മേളയോടനുബന്ധിച്ച് നടക്കും. സാംസ്‌കാരിക സംവാദങ്ങൾക്കും അറിവിന്റെ കൈമാറ്റത്തിനുമുള്ള ലോകത്തിലെ പ്രധാന വേദികളിലൊന്നായി അബുദാബി അന്താരാഷ്ട്ര പുസ്തകമേള ഇതിനോടകം തന്നെ വളർന്നു കഴിഞ്ഞിട്ടുണ്ട്.

Content Highlights: The 35th Abu Dhabi International Book Fair, held under the theme "Turn the Page, Read the World," will showcase 1,500 events and participants from 95 countries at ADNEC, featuring special honors for scholar Al-Khalil Ibn Ahmad Al-Farahidi and Cervantes' Don Quixote.