ഗോത്രസംഗമങ്ങൾക്ക് ഭീഷണിയെന്ന ഹൂതികളുടെ ആരോപണം അടിസ്ഥാനരഹിതം: സഖ്യസേന

#ജാഫറലി പാലക്കോട്

റിയാദ്: സൗദി അറേബ്യ ഗോത്രസംഗമങ്ങളും സിവിലിയൻ ഒത്തുചേരലുകളും ലക്ഷ്യമിടുമെന്ന് ഭീഷണിപ്പെടുത്തിയെന്ന ഹൂതി വിമതരുടെ ആരോപണം പൂർണമായും അടിസ്ഥാനരഹിതമാണെന്ന് യമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേന വ്യക്തമാക്കി. പൊതുജനാഭിപ്രായം തെറ്റിദ്ധരിപ്പിക്കാനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം ആരോപണങ്ങളെന്നും സഖ്യസേന അറിയിച്ചു.

സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികിയുടെ എക്‌സ് അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിലാണ് ഹൂതികളുടെ ആരോപണങ്ങൾ തള്ളിയത്. സ്വന്തം പ്രതിസന്ധികളിൽനിന്ന് ശ്രദ്ധ തിരിക്കാനും യമനിലെ ഗോത്രവിഭാഗങ്ങളെ സംഘർഷത്തിലേക്ക് വലിച്ചിഴയ്ക്കാനുമാണ് ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർ ശ്രമിക്കുന്നതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

സൗദി, യമൻ ജനതകളെ മതവും ചരിത്രവുംകൊണ്ട് ബന്ധിപ്പിക്കുന്ന സാഹോദര്യത്തിന്റെ പാലമാണ് യമനിലെ ഗോത്രവിഭാഗങ്ങളെന്ന് സഖ്യസേന വിശേഷിപ്പിച്ചു. ഭിന്നതയും ശത്രുതയും വളർത്താനുള്ള ഹൂതികളുടെ ശ്രമങ്ങൾക്ക് ഈ ആഴത്തിലുള്ള ബന്ധങ്ങളെ തകർക്കാനാകില്ലെന്നും വ്യക്തമാക്കി.

2014ൽ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരിൽനിന്ന് തലസ്ഥാനമായ സൻആ പിടിച്ചെടുത്തതോടെയാണ് ഹൂതികൾ യമനെ ആഭ്യന്തരയുദ്ധത്തിലേക്ക് തള്ളിവിട്ടത്. കഴിഞ്ഞ മാസങ്ങളിൽ സർക്കാർ സേനയ്‌ക്കെതിരായ ആക്രമണങ്ങൾ പുനരാരംഭിച്ച ഹൂതികൾ, സിവിലിയൻ മേഖലകളിലും ആക്രമണം നടത്തുകയും സൗദി അതിർത്തിക്കപ്പുറത്തേക്ക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.

Content Highlights: yemen-coalition-denies-houthi-claims-tribal-gatherings