ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്ക് പറന്നുയർന്ന വിമാനത്തിന് യന്ത്രത്തകരാർ; അതിസാഹസികമായി തിരിച്ചിറക്കി

#ജാഫറലി പാലക്കോട്
വിമാനത്തിന്റെ അകത്ത് നിന്നുള്ള ദൃശ്യം
വിമാനത്തിന്റെ അകത്ത് നിന്നുള്ള ദൃശ്യം

ജിദ്ദ: ജിദ്ദയില്‍നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന സ്‌പൈസ്‌ജെറ്റ് വിമാനം പറന്നുയര്‍ന്ന് ഒരുമണിക്കൂറിനു ശേഷം ജിദ്ദയില്‍തന്നെ തിരിച്ചിറക്കി. യന്ത്രത്തകരാർ കാരണമാണ് വിമാനം തിരിച്ചറക്കിയതെന്നാണ് വിവരം.

ജിദ്ദയില്‍നിന്ന് കോഴിക്കോട്ടേക്ക് വ്യാഴാഴ്ച രാവിലെ 9.45-ന് പോകേണ്ടിയിരുന്ന സ്‌പൈസ്‌ജെറ്റ് 036 വിമാനം ഒരുമണിക്കൂറോളം വൈകി 10.40-നാണ് പുറപ്പെട്ടത്. 11.30-ഓടെ എഞ്ചിന്‍ തകരാര്‍ കാരണം ജിദ്ദയിലേക്കുതന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു. ഒന്നര മണിക്കൂറിനുള്ളില്‍ തകരാര്‍ ശരിയാക്കാന്‍ സാധിച്ചാല്‍ യാത്രക്കാരെ വിമാനത്തില്‍നിന്ന് ഇറക്കാതെ ഇതേവിമാനത്തില്‍ കൊണ്ടുപോകാമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും തകരാർ പരിഹരിക്കാൻ സാധിച്ചില്ല. തുടർന്ന് യാത്രക്കാരെ വിമാനത്തിൽനിന്ന് ലോഞ്ചിലേക്ക് മാറ്റി.

പ്രാദേശിക സമയം ഉച്ചയ്ക്ക് 1.30 വരെ യാത്രക്കാർ വിമാനത്താവളത്തിലെ ലോഞ്ചിൽ കാത്തിരിക്കുകയാണ്. വിമാനം പറക്കുന്ന സമയത്ത് ഇടത് ഭാഗത്തായി ഫാനിന്റെ ഭാഗത്തുനിന്ന് ഉച്ചത്തിലുള്ള ശബ്ദം കേട്ടുവെന്നും പുക ഉയർന്നെന്നും യാത്രക്കാരിലൊരാൾ പറഞ്ഞു. വിമാനം പറന്നുയരുന്ന സമയത്ത് എ.സി. തകരാറായതിനാല്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്നും യാത്രക്കാര്‍ പറഞ്ഞു. പൈലറ്റ് സാഹസികമായാണ് വിമാനം തിരിച്ചിറക്കിയത്.

Content Highlights: SpiceJet flight with makes emergency landing in jeddah