ഗതാഗത-സംഭരണ മേഖലയിൽ വൻ വളർച്ച; വാണിജ്യ രജിസ്ട്രേഷനുകൾ 31 ശതമാനം വർധിച്ചു

റിയാദ്: സൗദി അറേബ്യയിലെ ഗതാഗത-സംഭരണ മേഖലയിൽ വാണിജ്യ രജിസ്ട്രേഷനുകൾ ഗണ്യമായി വർധിച്ചു. 2026-ലെ മൂന്നാം പാദത്തിന്റെ അവസാനത്തോടെ സജീവ വാണിജ്യ രജിസ്ട്രേഷനുകളുടെ എണ്ണം 31 ശതമാനം ഉയർന്ന് 1,85,554 ആയി. റോഡ് ചരക്കുഗതാഗത മേഖലയിലാണ് ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തിയത്. ഈ മേഖലയിൽ രജിസ്ട്രേഷനുകൾ 52 ശതമാനം വർധിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ വ്യാപാര-വിതരണ ശൃംഖലാ മേഖലകളിലുണ്ടാകുന്ന വളർച്ചയും സ്വകാര്യ നിക്ഷേപത്തിലെ വർധനയും ഇതിലൂടെ വ്യക്തമാകുന്നതായി മന്ത്രാലയം ചൂണ്ടിക്കാട്ടി. സൗദി വിഷൻ 2030-ന്റെ ഭാഗമായി ലോജിസ്റ്റിക്സ് മേഖലയുടെ വികസനത്തിനും ആഗോള ഗതാഗത കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ലോജിസ്റ്റിക്സ് സേവന മേഖലയിലെ സജീവ വാണിജ്യ രജിസ്ട്രേഷനുകൾ 35 ശതമാനം വർധിച്ച് 29,992 ആയി. 2025-ലെ ഇതേ കാലയളവിൽ ഇത് 22,097 ആയിരുന്നു. ഗതാഗത-സംഭരണ മേഖലയിൽ 2025-ലെ മൂന്നാം പാദത്തിൽ 1,41,180 രജിസ്ട്രേഷനുകളാണ് ഉണ്ടായിരുന്നത്. ഈ വർഷം ഇതേ കാലയളവിൽ എണ്ണം 1,85,554 ആയി ഉയർന്നു.
റോഡ് മാർഗമുള്ള ചരക്കുഗതാഗത മേഖലയിലാണ് ഏറ്റവും ഉയർന്ന വളർച്ച. 2025-ലെ മൂന്നാം പാദത്തിൽ 68,697 ആയിരുന്ന വാണിജ്യ രജിസ്ട്രേഷനുകൾ 2026-ൽ 1,04,612 ആയി ഉയർന്നു. ഇതോടെ 52 ശതമാനം വളർച്ച രേഖപ്പെടുത്തി.
തുറമുഖങ്ങൾ, കസ്റ്റംസ് കേന്ദ്രങ്ങൾ, സ്വതന്ത്ര സാമ്പത്തിക മേഖലകൾ എന്നിവിടങ്ങളിലെ സംഭരണ സേവനങ്ങളിലും 46 ശതമാനം വർധനയുണ്ടായി. 2025-ൽ 6,228 ആയിരുന്ന രജിസ്ട്രേഷനുകൾ 2026-ൽ 9,111 ആയി ഉയർന്നു.
ലോജിസ്റ്റിക്സ് മേഖലയിലെ ഈ വളർച്ച പുതിയ നിക്ഷേപ-വാണിജ്യ അവസരങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർധിപ്പിക്കാനും രാജ്യത്തിന്റെ സാമ്പത്തിക മത്സരക്ഷമത ശക്തിപ്പെടുത്താനും സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
സൗദി അറേബ്യയെ ആഗോള ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങൾക്ക് കരുത്തേകുന്നതാണ് മേഖലയിൽ രേഖപ്പെടുത്തിയ ഈ വളർച്ച.