ഇന്ത്യയിൽനിന്നടക്കം സൗദിയിലേക്ക് വരാൻ ഇനി ഏറെ എളുപ്പം; ഏഴ് രാജ്യക്കാർക്ക് പാക്കേജ് വിസ

ജിദ്ദ: സൗദിയുടെ സാധാരണ ടൂറിസ്റ്റ് ഇ-വിസ പദ്ധതിയിൽ ഉൾപ്പെടാത്ത ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്ക് ഇനി Webook.com വഴി യാത്രാ പാക്കേജും സൗദി പ്രവേശന വിസയും ഓൺലൈനായി ഒരുമിച്ച് നേടാം. സൗദി ടൂറിസം മന്ത്രാലയത്തിന്റെ ലൈസൻസോടെയാണ് പുതിയ സേവനം ആരംഭിച്ചത്.

ഇന്ത്യ, ഈജിപ്ത്, ജോർദാൻ, പാകിസ്താൻ, ബംഗ്ലാദേശ്, ഇന്തോനീഷ്യ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് സേവനം ലഭ്യമാകുക. മടക്ക വിമാന ടിക്കറ്റ്, ഹോട്ടൽ താമസം, ആരോഗ്യ ഇൻഷുറൻസ്, പാക്കേജ് വിസ എന്നിവ ഒരൊറ്റ ഡിജിറ്റൽ ബുക്കിംഗിലൂടെ ലഭ്യമാക്കുന്നതാണ് പദ്ധതി.

സൗദി ടൂറിസം മന്ത്രാലയം സൗദി ടൂറിസം അതോറിറ്റിയുമായി സഹകരിച്ച് ജൂലൈയിൽ ആരംഭിച്ച പൈലറ്റ് പദ്ധതിയുടെ ഭാഗമായാണ് സേവനം. സർക്കാർ പരിശോധനയ്ക്കായി അപേക്ഷകൾ Webook.com നേരിട്ട് സമർപ്പിക്കും. ശരാശരി 24 മണിക്കൂറിനുള്ളിൽ ഇലക്ട്രോണിക് വിസ അനുവദിച്ച് ഇ-മെയിലിലൂടെയും മൊബൈൽ ആപ്പിലൂടെയും ലഭ്യമാക്കും.

നിലവിൽ ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിസയ്ക്കായി എംബസികളെയോ ഇടനില ഏജൻസികളെയോ സമീപിക്കേണ്ടിയിരുന്നു. പുതിയ സംവിധാനത്തിൽ യാത്രാ വിവരങ്ങൾ ഓൺലൈനായി നൽകി അപേക്ഷ സമർപ്പിക്കാം.

പാക്കേജിൽ മടക്കയാത്രാ വിമാന ടിക്കറ്റും ടൂറിസം മന്ത്രാലയത്തിന്റെ ലൈസൻസുള്ള കുറഞ്ഞത് നാല് സ്റ്റാർ ഹോട്ടലിലെ താമസവും നിർബന്ധമാണ്. ബുക്കിംഗിന്റെ കുറഞ്ഞ മൂല്യം 4,000 സൗദി റിയാലായിരിക്കണം. വിസയ്ക്കും ആരോഗ്യ ഇൻഷുറൻസിനുമായി 402.21 റിയാൽ അധികമായി നൽകണം.

രണ്ട് ദിവസം മുതൽ 90 ദിവസം വരെയുള്ള താമസത്തിനാണ് അനുമതി. ഒരു അപേക്ഷയിൽ പരമാവധി ഒമ്പത് മുതിർന്നവരെയും അഞ്ച് കുട്ടികളെയും ഉൾപ്പെടുത്താം. യാത്ര പുറപ്പെടുന്നതിന് കുറഞ്ഞത് 48 മണിക്കൂർ മുമ്പ് ബുക്കിംഗ് പൂർത്തിയാക്കണം. എന്നാൽ വിസ അനുവദിക്കുന്നത് ബന്ധപ്പെട്ട സർക്കാർ അധികാരികളുടെ അംഗീകാരത്തിന് വിധേയമായിരിക്കും.

കൂടുതൽ രാജ്യങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു. സൗദിയിലെ പ്രധാന പരിപാടികളിലേക്കും കായിക മത്സരങ്ങളിലേക്കുമുള്ള ടിക്കറ്റുകൾ വിൽക്കുന്ന Webook.com-ന് 180 രാജ്യങ്ങളിലായി 18 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്.

Content Highlights: Citizens of India, Egypt, Jordan, Pakistan, Bangladesh, Indonesia, and Mexico can now get a Saudi entry visa and travel package combined via Webook.com., The package includes round-trip flight tickets, minimum 4-star hotel stay, health insurance, and visa, with a minimum booking value of 4,000 Saudi Riyals., E-visas are typically approved within 24 hours and sent via email and mobile app after direct submission by Webook.com to government authorities.