വിജയാനന്ദന് കേളിയുടെ യാത്രയയപ്പ്

റിയാദ്: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി ന്യൂ സനയ്യ പവർഹൗസ് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം വിജയാനന്ദന് യൂണിറ്റ് തലത്തിൽ യാത്രയയപ്പ് നൽകി. യൂണിറ്റ് ട്രഷറർ മധു ഗോപി അധ്യക്ഷത വഹിച്ചു.
പത്തനംതിട്ട ജില്ലയിലെ അടൂർ സ്വദേശിയായ വിജയാനന്ദൻ കഴിഞ്ഞ 23 വർഷമായി മുനീർ മുനീം പ്ലാസ്റ്റിക് കമ്പനിയിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഏരിയയുടെ വിവിധ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന വിജയാനന്ദന്റെ സമർപ്പിത സേവനങ്ങളെ ചടങ്ങിൽ പങ്കെടുത്തവർ അനുസ്മരിച്ചു.
കേളി ന്യൂ സനയ്യ രക്ഷാധികാരി കമ്മിറ്റി കൺവീനർ ബൈജു ബാലചന്ദ്രൻ, ന്യൂ സനയ്യ ഏരിയ സെക്രട്ടറി തോമസ് ജോയ്, ഏരിയ പ്രസിഡന്റ് നിസാർ മണ്ണഞ്ചേരി, ഏരിയ ട്രഷറർ താജുദ്ദീൻ, ഏരിയ വൈസ് പ്രസിഡന്റ് കരുണാകരൻ മണ്ണടി, ഏരിയ ജോയിന്റ് സെക്രട്ടറി ജയപ്രകാശ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി സുവി പൈസ് വിജയാനന്ദന് കൈമാറി. യാത്രയയപ്പ് ചടങ്ങിന് യൂണിറ്റ് സെക്രട്ടറി സ്വാഗതവും യാത്ര പോകുന്ന വിജയാനന്ദൻ നന്ദിയും രേഖപ്പെടുത്തി.
Content Highlights: saudi news