യാത്രാ പ്രശ്നം നേരിടുന്ന ഇന്ത്യക്കാർക്ക് നിർദേശവുമായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ

#ജാഫറലി പാലക്കോട്
പ്രതീകാത്മക ചിത്രം | Photo:canva
പ്രതീകാത്മക ചിത്രം | Photo:canva

ജിദ്ദ: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വിമാന സർവീസുകളിൽ നിലവിൽ തടസ്സങ്ങൾ തുടരുന്ന സാഹചര്യത്തിൽ, ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഇന്ത്യൻ പൗരന്മാർക്ക് പ്രത്യേക നിർദേശങ്ങൾ നൽകി. പ്രത്യേകിച്ച് ജിദ്ദയിലേക്കും മദീനയിലേക്കും യാത്ര ചെയ്യുന്ന ഉംറ തീർഥാടകർക്കാണ് നിർദേശങ്ങൾ നൽകിയിരിക്കുന്നത്.

യാത്രക്കാർ ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി നിരന്തരം ബന്ധപ്പെടുകയും വിമാന സർവീസുകളുടെ ഏറ്റവും പുതിയ സ്ഥിതിവിവരങ്ങൾ പരിശോധിക്കുകയും വേണം.

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് വിമാന സർവീസുകളുടെ സ്ഥിതി ഉറപ്പാക്കണം. വിമാനങ്ങൾ റദ്ദാക്കൽ, യാത്രാ സമയം മാറ്റൽ, പകരം യാത്രാ സൗകര്യങ്ങൾ, താമസ ക്രമീകരണങ്ങൾ എന്നിവ സംബന്ധിച്ച് ട്രാവൽ ഏജൻസികൾ, ടൂർ ഓപ്പറേറ്റർമാർ, ഉംറ സേവനദാതാക്കൾ എന്നിവരുമായി നിരന്തരം ബന്ധപ്പെടണമെന്നും നിർദേശിച്ചു.

ദുരിതബാധിതരായ ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനായി കോൺസുലേറ്റ് ബന്ധപ്പെട്ട വിമാനക്കമ്പനികളുമായും പ്രാദേശിക അധികൃതരുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. വിമാന സർവീസുകൾ, റദ്ദാക്കലുകൾ, യാത്രാ പുനഃക്രമീകരണങ്ങൾ എന്നിവ സംബന്ധിച്ച് വിമാനക്കമ്പനികളിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ കോൺസുലേറ്റിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും ലഭ്യമാകുന്ന മുറയ്ക്ക് പങ്കുവെക്കും.

വിമാന സർവീസുകളിലെ തടസ്സങ്ങൾ മൂലം ബുദ്ധിമുട്ട് നേരിടുന്ന ഇന്ത്യൻ പൗരന്മാർക്ക് സഹായം നൽകുന്നതിനായി കോൺസുലേറ്റ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്.

സഹായം ആവശ്യമുള്ളവർക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:
- ടെലിഫോൺ: +966 12 2614093, +966 55 56122301
- വാട്സ്ആപ്പ്: +966 536209704
- ഇമെയിൽ: pbskcgi@gmail.com

ഇന്ത്യൻ പൗരന്മാർ പരിഭ്രാന്തരാകാതെ ശാന്തരായിരിക്കണമെന്നും ഔദ്യോഗിക കേന്ദ്രങ്ങളിൽനിന്നുള്ള അറിയിപ്പുകൾ പിന്തുടരണമെന്നും കോൺസുലേറ്റ് നിർദേശിച്ചു. കോൺസുലാർ സഹായം ആവശ്യമായ ഏതെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുന്നവർ കോൺസുലേറ്റുമായി ബന്ധപ്പെടണം എന്നും കോൺസുലേറ്റിൽനിന്നുള്ള അറിയിപ്പിൽ പറഞ്ഞു.
 

Content Highlights: saudi news