പുരുഷന്മാരുടെ ബാർബർ ഷോപ്പുകൾക്ക് പുതിയ നിബന്ധനകളുമായി സൗദി നഗരസഭാ മന്ത്രാലയം

റിയാദ്: പുരുഷന്മാരുടെ ബാർബർ ഷോപ്പുകളുടെ പ്രവർത്തനത്തിന് സൗദി നഗരസഭാ-ഭവന മന്ത്രാലയം പുതിയ നിബന്ധനകൾ പ്രഖ്യാപിച്ചു. സ്ഥാപനത്തിന് പുറത്തുപോയി മുടിവെട്ടൽ ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകുന്നതിന് ‘ബലദി’ പ്ലാറ്റ്‌ഫോം വഴി പ്രത്യേക അനുമതി നേടണം.
നഗരങ്ങളിലെ താമസക്കാരുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി, പുരുഷന്മാരുടെ മുടിവെട്ടൽ സേവനങ്ങളിൽ ആരോഗ്യസുരക്ഷ ഉറപ്പാക്കുകയും ഗുണനിലവാരം ഉയർത്തുകയും ചെയ്യുകയാണ് പുതിയ നിബന്ധനകളുടെ ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ബാർബർ ഷോപ്പുകളുടെ പ്രവർത്തനം ക്രമീകരിക്കുക, നിക്ഷേപകർക്കും സ്ഥാപന ഉടമകൾക്കും അംഗീകൃത മാനദണ്ഡങ്ങൾക്കനുസരിച്ച് സ്ഥാപനങ്ങൾ ആരംഭിക്കാനും പ്രവർത്തിപ്പിക്കാനും വ്യക്തമായ മാർഗനിർദേശങ്ങൾ നൽകുക എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു.
ആരോഗ്യനിബന്ധനകൾ പ്രകാരം, വീണ്ടും ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഓരോ ഉപയോഗത്തിനുശേഷവും വൃത്തിയാക്കി അണുവിമുക്തമാക്കണം. ഒരുതവണ മാത്രം ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ ഉപയോഗശേഷം ഉപേക്ഷിക്കണം. സ്ഥാപനത്തിലെ ഉപകരണങ്ങൾ നിശ്ചിത ഇടവേളകളിൽ വൃത്തിയാക്കി അണുവിമുക്തമാക്കുകയും സേവനം നൽകുന്ന സ്ഥലങ്ങളിൽ ശുചിത്വം ഉറപ്പാക്കുകയും വേണം.
ജീവനക്കാർക്ക് സാധുവായ ആരോഗ്യ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. വ്യക്തിശുചിത്വം പാലിക്കുന്നതിനൊപ്പം സേവനം നൽകുന്നതിന് മുമ്പും ശേഷവും ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും വേണം.
സ്ഥാപനത്തിന് പുറത്തുപോയി വീടുകളിലോ മറ്റിടങ്ങളിലോ മുടിവെട്ടൽ സേവനം നൽകാൻ ആഗ്രഹിക്കുന്നവർ ‘ബലദി’ പ്ലാറ്റ്‌ഫോം വഴി ഇതിനുള്ള പ്രത്യേക അനുമതി നേടണമെന്നും മന്ത്രാലയം വ്യക്തമാക്കി.
ശിക്ഷാനടപടികൾ സ്വീകരിക്കുന്നതിന് മുമ്പ് നിബന്ധനകളെക്കുറിച്ച് ബോധവത്കരണം നടത്തുകയും അവ പാലിക്കാൻ സ്ഥാപന ഉടമകളെ സഹായിക്കുകയും ചെയ്യുന്നത് മന്ത്രാലയത്തിന്റെ സമീപനത്തിന്റെ ഭാഗമാണ്. ആരോഗ്യ മാനദണ്ഡങ്ങൾ ദൈനംദിന പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പാക്കുന്നതിലൂടെ സേവനങ്ങളുടെ വിശ്വാസ്യതയും ഗുണനിലവാരവും ഉയർത്താനാകുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ബാർബർ ഷോപ്പ് ഉടമകളും ജീവനക്കാരും പുതിയ നിബന്ധനകൾ പരിശോധിച്ച് അവ കൃത്യമായി നടപ്പാക്കണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു.
Content Highlights: saudi news