അൽഷിമേഴ്‌സും മസ്തിഷ്‌ക രോഗങ്ങളും പഠിക്കാൻ സൗദിയുടെ ബഹിരാകാശ ഗവേഷണം; ജൈവസാമ്പിളുകൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ

#ജാഫറലി പാലക്കോട്

റിയാദ്: വാർധക്യവുമായി ബന്ധപ്പെട്ട മാറ്റങ്ങളും അൽഷിമേഴ്‌സ് ഉൾപ്പെടെയുള്ള നാഡീവ്യവസ്ഥാ രോഗങ്ങളും പഠിക്കുന്നതിനായി സൗദി അറേബ്യയുടെ നിർണായക ബഹിരാകാശ ഗവേഷണ ദൗത്യത്തിന് തുടക്കമായി. മിഡിൽ ഈസ്റ്റിൽനിന്ന് ആദ്യമായി ജൈവസാമ്പിളുകൾ ബഹിരാകാശത്തേക്ക് അയച്ചാണ് സൗദി അറേബ്യ ഈ നേട്ടം കൈവരിച്ചത്. ബയോ ഗ്രാവിറ്റി-1 (BioGravity-1) എന്ന ദൗത്യത്തിന്റെ ഭാഗമായി സ്പേസ് എക്‌സിന്റെ പുനർവിതരണ ദൗത്യത്തിലൂടെയാണ് സാമ്പിളുകൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിച്ചത്.
 

സൗദി സ്പേസ് ഏജൻസിയും കിങ് അബ്ദുല്ല യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയും സംയുക്തമായി നേതൃത്വം നൽകുന്ന ദൗത്യം, നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചുള്ള ദീർഘകാല ഗവേഷണപദ്ധതിയുടെ ആദ്യഘട്ടമാണ്. അൽഷിമേഴ്‌സ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് തുടങ്ങിയ രോഗങ്ങളെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കുകയാണ് ലക്ഷ്യം. നാസയുടെ പിന്തുണയോടെ സ്പേസ് എക്‌സിന്റെ CRS-35 ദൗത്യത്തിലൂടെയാണ് ഗവേഷണ സാമഗ്രികൾ ഭ്രമണപഥത്തിലെത്തിച്ചത്.
 

ആരോഗ്യമുള്ള ദാതാക്കളിൽനിന്ന് ശേഖരിച്ച ജൈവസാമ്പിളുകളാണ് ആദ്യഘട്ടത്തിൽ ബഹിരാകാശത്തേക്ക് അയച്ചത്. ഭൂമിയിൽ പുനഃസൃഷ്ടിക്കാൻ കഴിയാത്ത മൈക്രോഗ്രാവിറ്റി സാഹചര്യങ്ങളിൽ കോശങ്ങൾ എങ്ങനെ പ്രതികരിക്കുന്നുവെന്നും വാർധക്യത്തോടും നാഡീവ്യവസ്ഥാ രോഗങ്ങളോടും ബന്ധപ്പെട്ട ജൈവമാറ്റങ്ങൾ എന്തൊക്കെയാണെന്നും ഗവേഷകർ പരിശോധിക്കും. കിങ് അബ്ദുല്ല യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി വികസിപ്പിച്ച എസ്.എസ്.എ-1, എസ്.എസ്.എ-2 എന്നീ രണ്ട് പരീക്ഷണങ്ങളാണ് ദൗത്യത്തിന്റെ ഭാഗമായുള്ളത്.
 

അമേരിക്കൻ നാഷണൽ സ്റ്റെം സെൽ ഫൗണ്ടേഷൻ, ആക്‌സിയം സ്പേസ്, നാസ, സൗദി സ്പേസ് ഏജൻസി, കിങ് അബ്ദുല്ല യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി എന്നിവയുടെ അന്താരാഷ്ട്ര സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

സൗദി ബഹിരാകാശ സഞ്ചാരിയും സൗദി സ്പേസ് ഏജൻസിയിലെ മൈക്രോഗ്രാവിറ്റി ഗവേഷണ വിഭാഗത്തിന്റെ ജനറൽ സൂപ്പർവൈസറുമായ റയ്യാന ബർനാവി, മനുഷ്യാരോഗ്യ ഗവേഷണ മേഖലയിലെ സുപ്രധാന മുന്നേറ്റമാണ് ഈ ദൗത്യമെന്ന് വ്യക്തമാക്കി. ബഹിരാകാശത്ത് ലഭിക്കുന്ന കണ്ടെത്തലുകളെ ഭൂമിയിലെ രോഗവേഷണത്തിന് പ്രയോജനപ്പെടുത്തുകയും ഭാവിയിൽ പുതിയ ചികിത്സാരീതികൾ വികസിപ്പിക്കുന്നതിനുള്ള സാധ്യതകൾ കണ്ടെത്തുകയുമാണ് ബയോ ഗ്രാവിറ്റി പദ്ധതിയുടെ ലക്ഷ്യമെന്നും അവർ പറഞ്ഞു.

പദ്ധതിക്ക് നേതൃത്വം നൽകുന്ന കിങ് അബ്ദുല്ല യൂണിവേഴ്‌സിറ്റിയിലെ ബയോസയൻസ് പ്രൊഫസർ ഇമദ് ഗല്ലൗസി, മൈക്രോഗ്രാവിറ്റി സാഹചര്യത്തിൽ രോഗങ്ങളുടെ മാതൃകകൾ പരീക്ഷിക്കാൻ ഈ ദൗത്യം ശാസ്ത്രജ്ഞർക്ക് അവസരമൊരുക്കുമെന്ന് പറഞ്ഞു. സൗദിയിലെയും മറ്റു രാജ്യങ്ങളിലെയും രോഗികൾക്ക് പ്രയോജനപ്പെടാവുന്ന ഗവേഷണങ്ങൾക്ക് ഇത് കരുത്തേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒന്നിലധികം കോശരേഖകൾ സംയോജിപ്പിച്ചുള്ള ‘ബ്രെയിൻ ഓർഗനോയ്ഡ് വില്ലേജ്’ എന്ന ഗവേഷണ ആശയം ആദ്യമായി മൈക്രോഗ്രാവിറ്റി സാഹചര്യത്തിൽ പരീക്ഷിക്കുമെന്നും നാഷണൽ സ്റ്റെം സെൽ ഫൗണ്ടേഷന്റെ ശാസ്ത്ര ഉപദേഷ്ടാവും ആക്‌സിയം സ്പേസിലെ ബയോമാനുഫാക്ചറിങ് ആൻഡ് ബയോടെക്‌നോളജി വിഭാഗം മേധാവിയുമായ പിനാർ മെസ്‌സി പറഞ്ഞു. കോശങ്ങളുടെ വിവിധ മാതൃകകൾ ഒരൊറ്റ ഓർഗനോയ്ഡിൽ സംയോജിപ്പിക്കുന്നത് വലിയ ജനവിഭാഗങ്ങളുമായി ബന്ധപ്പെട്ട രോഗപഠനങ്ങൾക്ക് സഹായകമാകുമെന്നും ലബോറട്ടറിയിൽ തന്നെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് സമാനമായ പഠനങ്ങൾ നടത്താനുള്ള സാധ്യത തുറക്കുമെന്നും അവർ വ്യക്തമാക്കി.

മൂന്ന് ഘട്ടങ്ങളായാണ് ബയോ ഗ്രാവിറ്റി പദ്ധതി നടപ്പാക്കുന്നത്. ആദ്യ ദൗത്യത്തിൽ ആരോഗ്യമുള്ളവരിൽനിന്നുള്ള സാമ്പിളുകളാണ് പഠിക്കുന്നത്. രണ്ടാം ഘട്ടത്തിൽ അൽഷിമേഴ്‌സ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് രോഗികളിൽനിന്ന് വികസിപ്പിച്ച ജൈവമാതൃകകൾ പരിശോധിക്കും. മൂന്നാം ഘട്ടത്തിൽ ചികിത്സകളോടുള്ള ജൈവപ്രതികരണങ്ങൾ വിലയിരുത്തുകയും പുതിയ മരുന്നുകൾ വികസിപ്പിക്കുന്നതിനുള്ള സാധ്യതകൾ അന്വേഷിക്കുകയും ചെയ്യും.

മൈക്രോഗ്രാവിറ്റി, ജീവശാസ്ത്ര ഗവേഷണ മേഖലകളിൽ രാജ്യത്തിന്റെ ശേഷി വർധിപ്പിക്കുക, അന്താരാഷ്ട്ര ശാസ്ത്രസഹകരണം ശക്തിപ്പെടുത്തുക, നൂതനാശയങ്ങൾക്കും വിജ്ഞാനാധിഷ്ഠിത സാമ്പത്തിക വളർച്ചയ്ക്കും പിന്തുണ നൽകുക എന്നിവ ലക്ഷ്യമിട്ടുള്ള സൗദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണ് ഈ ഗവേഷണ സംരംഭം നടപ്പാക്കുന്നത്.

Content Highlights: saudi news