സൗദിയിലെ പള്ളികളിൽ സ്ഥലങ്ങൾ റിസർവ് ചെയ്യുന്നത് നിരോധിച്ചു

റിയാദ്: പ്രാർത്ഥനയ്ക്കുള്ള ബാങ്ക് വിളി ശ്രവിച്ച ഉടൻ വിശ്വാസികൾ പ്രാർത്ഥനക്കായി പള്ളികളിൽ എത്തണമെന്ന് സൗദി ഇസ്ലാമിക കാര്യമന്ത്രാലയം. അതോടൊപ്പം പള്ളിയുടെ ഒന്നാം നിലയിലും ഇമാമിന്റെ സമീപവും പ്രാർത്ഥനക്ക് വരിനിൽക്കാൻ മത്സരബുദ്ധിയോടെ ശ്രമിക്കണമെന്നും സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. പള്ളികളിൽ സ്ഥലങ്ങൾ റിസർവ് ചെയ്യുന്നത് അനുവദനീയമല്ലെന്ന് സൗദിയിൽ ഉടനീളമുള്ള പള്ളി ഇമാമുമാർക്ക് സെർകൂലർ വഴി നിർദേശം നൽകിയിട്ടുണ്ട്.
സൗദി അറേബ്യയിലെ മക്ക, മദീന വിശുദ്ധ പള്ളികളടക്കം എല്ലാ പള്ളികളെയും അഭിസംബോധന ചെയ്ത് പുറത്തിറക്കിയ ഒരു സർക്കുലറിൽ, പള്ളിയിൽ ഒരു സ്ഥലത്തിനുള്ള അവകാശം ആദ്യം എത്തുന്നവർക്കാണെന്ന് വിശ്വാസികളെ അറിയിക്കണമെന്ന് മന്ത്രാലയം ഇമാമുമാരെ അറിയിച്ചു. അതോടൊപ്പം പരവതാനികളോ വ്യക്തിഗത വസ്തുക്കളോ റിസർവ് ചെയ്ത് വച്ചിരിക്കുന്നവ അത്തരം സ്ഥലങ്ങളിൽ നിന്നും നീക്കം ചെയ്യണമെന്നും ഇമാമുമാർക്ക് നിർദേശം നൽകി. വെള്ളിയാഴ്ചയോ മറ്റ് ദിവസങ്ങളിലോ പള്ളിയിൽ പായകൾ വെച്ച് സ്ഥലങ്ങൾ റിസർവ് ചെയ്യുന്നത് നിയമവിരുദ്ധവും നിരോധിച്ചിരിക്കുന്നതുമാണ്.
പള്ളിയിലെ സ്ഥലം കൈയടക്കുകയും നേരത്തെ എത്തുന്ന മറ്റുള്ളവരെ ആ സ്ഥലത്ത് പ്രാർത്ഥിക്കുന്നതിൽ നിന്ന് തടയുകയും ആദ്യ വരികൾ ക്രമത്തിൽ പൂർത്തിയാക്കുന്നതിന് തടസ്സമാകുകയും ചെയ്യുന്നത് അനുവദനീയമല്ലെന്ന് മന്ത്രാലയം വിശദീകരിച്ചു.
Content Highlights: Saudi Arabia bans reserving prayer spots in mosques