തൊഴിലാളികളെ മറ്റിടങ്ങളിൽ ജോലി ചെയ്യാൻ അനുവദിച്ചാൽ 6 മാസം വരെ തടവും 1ലക്ഷം റിയാൽ പിഴയും ശിക്ഷ

റിയാദ്: സ്വന്തം കീഴിലുള്ള തൊഴിലാളികളെ മറ്റൊരാളുടെ സ്ഥാപനത്തിലോ വ്യക്തിയുടെ കീഴിലോ ജോലി ചെയ്യാൻ അനുവദിക്കുന്ന വ്യക്തിഗത തൊഴിലുടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. തൊഴിലാളികളെ സ്വന്തം വ്യക്തിഗത ആവശ്യങ്ങൾക്കോ സാമ്പത്തിക നേട്ടത്തിനോ വേണ്ടി മറ്റിടങ്ങളിൽ ജോലി ചെയ്യാൻ അനുവദിക്കുന്നതും നിയമലംഘനമായി കണക്കാക്കും.

നിയമം ലംഘിക്കുന്ന വ്യക്തിഗത തൊഴിലുടമകൾക്ക് പരമാവധി ഒരു ലക്ഷം സൗദി റിയാൽ വരെ പിഴയും ആറുമാസം വരെ തടവും ശിക്ഷ ലഭിക്കാം. ഇതിനു പുറമെ, അഞ്ച് വർഷം വരെ പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിലക്കും ഏർപ്പെടുത്താൻ വ്യവസ്ഥയുണ്ട്.

തൊഴിലുടമകളും തൊഴിലാളികളും രാജ്യത്തെ താമസാനുമതി (ഇഖാമ), തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. തൊഴിലാളികളെ നിയമപരമായി അനുവദിച്ചിട്ടുള്ള തൊഴിൽ പരിധിക്ക് പുറത്തുള്ള ജോലികളിൽ ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾക്കെതിരെ നടപടി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ അധികൃതരെ വിവരം അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകൾ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും രാജ്യത്തെ മറ്റു പ്രദേശങ്ങളിൽ 999 എന്ന നമ്പറിലുമാണ് പരാതികളും വിവരങ്ങളും നൽകേണ്ടത്.

തൊഴിൽ നിയമങ്ങളും താമസ നിയമങ്ങളും ലംഘിക്കുന്ന പ്രവണതകൾ തടയുന്നതിനും തൊഴിലാളികളുടെ നിയമപരമായ തൊഴിൽ ഉറപ്പാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

Content Highlights: Individual employers in Saudi Arabia are banned from letting workers work for others., Violators face a maximum fine of 100,000 Saudi Riyals and up to 6 months in prison., A recruitment ban of up to 5 years will be imposed on rule-breakers., Citizens and residents can report violations by calling 911 or 999.