സൗദിയെ ലക്ഷ്യമിട്ട് ഹൂതി മിസൈൽ ഡ്രോൺ ആക്രമണശ്രമം; പ്രതിരോധസേന തകർത്തു

#ജാഫറലി പാലക്കോട്

റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതി വിമതർ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണശ്രമങ്ങൾ പ്രതിരോധസേന പരാജയപ്പെടുത്തി. കിഴക്കൻ പ്രവിശ്യയെ ലക്ഷ്യമിട്ടെത്തിയ ഡ്രോൺ തകർത്തതായും തലസ്ഥാനമായ റിയാദിന് നേരെ വിക്ഷേപിച്ച രണ്ട് മിസൈലുകൾ പുലർച്ചെ തടഞ്ഞുനശിപ്പിച്ചതായും യമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേന അറിയിച്ചു. തെക്കൻ മേഖലയെ ലക്ഷ്യമിട്ട് വിക്ഷേപിച്ച ഹൂതി ബാലിസ്റ്റിക് മിസൈലും തകർത്തു.

സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികിയാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തെ തുടർന്ന് റിയാദ് നഗരം, അബ്ഹ നഗരം, ഖമീസ് മുഷൈത്ത് ഗവർണറേറ്റ് എന്നിവിടങ്ങളിൽ സൗദി സിവിൽ ഡിഫൻസ് അധികൃതർ ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. എന്നാൽ അധികം വൈകാതെ മുന്നറിയിപ്പുകൾ പിൻവലിക്കുകയും ചെയ്തു.