2027 ഹജ്ജ് സീസൺ: കരാറുകളിൽ ഒപ്പുവെക്കൽ പൂർത്തിയാക്കി ഹജ്ജ് ഉംറ മന്ത്രാലയം

#ജാഫറലി പാലക്കോട്
.
.

ജിദ്ദ: 2027-ലെ ഹജ്ജ് സീസണുമായി ബന്ധപ്പെട്ട ക്രമീകരണ കരാറുകളിൽ ഹജ്ജ് ഉംറ മന്ത്രാലയം വിവിധ രാജ്യങ്ങളിലെ ഹജ്ജ് കാര്യാലയങ്ങളുമായി ഒപ്പുവെക്കൽ ചടങ്ങ് പൂർത്തിയാക്കി. വരാനിരിക്കുന്ന ഹജ്ജ് സീസണിനായുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് കരാറുകൾ പൂർത്തിയാക്കിയത്.

ജിദ്ദയിൽ ബുധനാഴ്ച സമാപിച്ച ആറാമത് ഹജ്ജ് സമ്മേളനത്തിന്റെയും പ്രദർശനത്തിന്റെയും ഭാഗമായി ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ, ഉപമന്ത്രി ഡോ. അബ്ദുൽഫത്താഹ് മശാത്ത്, പങ്കെടുക്കുന്ന രാജ്യങ്ങളിലെ ഹജ്ജ് കാര്യാലയ മേധാവികൾ എന്നിവരാണ് കരാറുകളിൽ ഒപ്പുവെച്ചത്.

മന്ത്രാലയവും ഹജ്ജ് കാര്യാലയങ്ങളും തമ്മിലുള്ള ഏകോപന സംവിധാനങ്ങൾ, സീസണിൽ പാലിക്കേണ്ട അംഗീകൃത നിബന്ധനകളും നടപടിക്രമങ്ങളും, തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ, അവരുടെ വരവ്-മടക്ക യാത്രാ ക്രമീകരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങളും ബാധ്യതകളും കരാറിൽ വിശദീകരിക്കുന്നുണ്ട്.

2026-ലെ ഹജ്ജ് സീസൺ അവസാനിച്ചതിന് പിന്നാലെ തന്നെ അടുത്ത സീസണിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുന്നതിനായി മന്ത്രാലയം ഹജ്ജ് കാര്യാലയങ്ങൾക്ക് മാർഗനിർദേശങ്ങളും മുന്നൊരുക്ക രേഖയും കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കരാർ നടപടികളും നിയമപരവും പ്രവർത്തനപരവും സേവനപരവുമായ ആവശ്യകതകളും നേരത്തേ പൂർത്തിയാക്കാൻ കാര്യാലയങ്ങൾക്ക് അവസരമൊരുക്കി.

തീർഥാടകരുടെ യാത്രാ നീക്കങ്ങൾ കൂടുതൽ ക്രമീകരിക്കുന്നതിനായി തീർഥാടകരെ അയക്കുന്ന മുൻഗണനാ ക്രമം സംബന്ധിച്ച കരാറുകളിലും ഒപ്പുവെച്ചിട്ടുണ്ട്. കൂടാതെ, വിമാനക്കമ്പനികളുമായി ഒപ്പുവെച്ച കരാറുകളുടെ രേഖപ്പെടുത്തൽ നിശ്ചിത സമയപരിധിക്കുള്ളിൽ ഇ-പാത്ത് (e-Path) പ്ലാറ്റ്‌ഫോം വഴി പൂർത്തിയാക്കുകയും ചെയ്തു.