ലോകത്തിന്റെ ഈന്തപ്പഴ വിപണി സൗദിക്ക് സ്വന്തം; തുടർച്ചയായ നാലാം വർഷവും ഒന്നാമത്

റിയാദ്: ഈന്തപ്പഴ കയറ്റുമതിയിൽ തുടർച്ചയായ നാലാം വർഷവും ആഗോളതലത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി സൗദി അറേബ്യ. വേൾഡ് ട്രേഡ് സെന്റർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം സൗദിയുടെ ഈന്തപ്പഴ കയറ്റുമതിയുടെ മൂല്യം 1.9 ബില്യൺ റിയാലിലധികം ആയിരുന്നു.
ഈ നേട്ടം ഈന്തപ്പന-ഈന്തപ്പഴ മേഖലയുടെ വളർച്ചയും കാർഷിക മേഖലയുടെ സംഭാവന വർധിപ്പിക്കുന്നതിലെ അതിന്റെ പ്രാധാന്യവും വ്യക്തമാക്കുന്നതാണ്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുന്നതിനും ദേശീയ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും ഈ മേഖല നിർണായക പങ്ക് വഹിക്കുന്നതായി അധികൃതർ വ്യക്തമാക്കി. സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങളുമായി ചേർന്നാണ് മേഖലയുടെ വികസനം മുന്നേറുന്നത്.
രാജ്യത്തെ ഈന്തപ്പന-ഈന്തപ്പഴ മേഖലയ്ക്ക് ഭരണകൂടം നൽകുന്ന ശക്തമായ പിന്തുണയാണ് ഈ നേട്ടത്തിന് പ്രധാന കാരണമെന്ന് നാഷണൽ സെന്റർ ഫോർ പാംസ് ആൻഡ് ഡേറ്റ്‌സിന്റെ സി.ഇ.ഒ അഹമ്മദ് അൽ മൂസ പറഞ്ഞു. സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ മേഖല, മറ്റ് ബന്ധപ്പെട്ട ഏജൻസികൾ എന്നിവയുടെ ഏകോപിതമായ പ്രവർത്തനവും വിതരണ ശൃംഖലകൾ വികസിപ്പിക്കുന്നതിനും കയറ്റുമതി കാര്യക്ഷമത വർധിപ്പിക്കുന്നതിനും സൗദി ഈന്തപ്പഴത്തിന്റെ ആഗോള വിപണി സാന്നിധ്യം വിപുലീകരിക്കുന്നതിനും സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.
സൗദി ഈന്തപ്പഴത്തിന്റെ വൈവിധ്യം, ഗുണമേന്മ, ഉൽപ്പാദനക്ഷമത എന്നിവയാണ് ഈ ദേശീയ നേട്ടത്തിന്റെ അടിത്തറയെന്നും അൽ മൂസ വ്യക്തമാക്കി. ആഗോള റീട്ടെയിൽ വിപണികളിൽ സൗദി ഈന്തപ്പഴത്തിന്റെ സാന്നിധ്യം കൂടുതൽ ശക്തമാക്കാനും ഇതിലൂടെ കഴിഞ്ഞു.
'സൗദി ഈന്തപ്പഴ കയറ്റുമതി ശാക്തീകരിക്കുകയും ആഗോള വിപണികളിലേക്ക് പ്രവേശനം ഉറപ്പാക്കുകയും ചെയ്യുക' എന്ന സംരംഭം ഈ നേട്ടത്തിൽ നിർണായക പങ്കുവഹിച്ചതായും അദ്ദേഹം പറഞ്ഞു. ഇതിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള സൗദി ഈന്തപ്പഴ കയറ്റുമതി വ്യാപിപ്പിക്കാനായി.
നിലവിൽ 125-ലധികം രാജ്യങ്ങളാണ് സൗദി ഈന്തപ്പഴം ഇറക്കുമതി ചെയ്യുന്നത്. ഉയർന്ന ഗുണമേന്മ, വിവിധ ഇനങ്ങളുടെ ലഭ്യത, ലോകമെമ്പാടുമുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങളും രുചികളും നിറവേറ്റാനുള്ള കഴിവ് എന്നിവയാണ് സൗദി ഈന്തപ്പഴത്തിന് വർധിച്ചുവരുന്ന ഡിമാൻഡിന് കാരണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
സൗദിയിലെ മൊത്തം ഈന്തപ്പഴ ഉൽപ്പാദനം 19 ലക്ഷം ടണ്ണിലധികമാണ്. രാജ്യത്തിന്റെ വിവിധ മേഖലകളിലായി 3.7 കോടിയിലധികം ഈന്തപ്പനകളുമുണ്ട്. ഇത് ഈന്തപ്പന കൃഷിയിലും ഈന്തപ്പഴ ഉൽപ്പാദനത്തിലും സൗദി അറേബ്യയുടെ ശക്തമായ സ്ഥാനമാണ് വ്യക്തമാക്കുന്നത്.
Content Highlights: Saudi Arabia ranks first globally in date exports for the fourth consecutive year., Export value exceeded 1.9 billion riyals according to World Trade Center data., Over 125 countries currently import Saudi dates., Total date production in Saudi Arabia exceeds 1.9 million tons with over 3.7 crore palm trees.