സൗദിക്കെതിരായ ഹൂതി ആക്രമണങ്ങൾ തുടർന്നാൽ നിർണായക തിരിച്ചടിയെന്ന് സഖ്യസേന

റിയാദ്: സൗദി അറേബ്യയുടെ ദേശീയ ആസ്തികൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കുംനേരെ ഹൂതി മിലീഷ്യ നടത്തുന്ന ആക്രമണങ്ങൾ തുടരുകയാണെന്ന് യമനിലെ നിയമാനുസൃത ഭരണകൂടത്തെ പുനഃസ്ഥാപിക്കുന്നതിനുള്ള സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി പറഞ്ഞു.
ആക്രമണങ്ങൾ തുടരുന്നത് സൗദി അറേബ്യയിലെ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഹൂതി മിലീഷ്യയുടെ തീവ്രവാദ ആശയവും സംഘർഷം രൂക്ഷമാക്കാനുള്ള സമീപനവും വ്യക്തമാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്ച ഖമീസ് മുഷൈത്ത്, അബ്ഹ, ജിസാൻ നഗരങ്ങൾക്കെതിരെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഹൂതികൾ ആക്രമണം നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.
സൗദി അറേബ്യയുടെ പരമാധികാരവും ദേശീയ ആസ്തികളും സംരക്ഷിക്കുന്നതിനും സാധാരണക്കാരെയും സിവിലിയൻ സ്ഥാപനങ്ങളെയും ഇത്തരം ഹീനമായ ആക്രമണങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനുമായി സഖ്യസേനയുടെ സംയുക്ത സേനാ കമാൻഡ് തിരിച്ചടി നൽകുമെന്ന് മേജർ ജനറൽ അൽ മാലികി വ്യക്തമാക്കി.
അന്താരാഷ്ട്ര നിയമത്തിനും ഐക്യരാഷ്ട്രസഭാ ചാർട്ടറിലെ 51-ാം അനുച്ഛേദത്തിനും അനുസൃതമായ സ്വയംപ്രതിരോധ അവകാശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടിയെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര മാനുഷിക നിയമവും അതിന്റെ അംഗീകരിക്കപ്പെട്ട ചട്ടങ്ങളും പൂർണമായും പാലിച്ചായിരിക്കും തിരിച്ചടി നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Arab coalition condemns ongoing Houthi attacks on Saudi national assets and infrastructure., Houthi militia targeted Khamis Mushait, Abha, and Jizan using ballistic missiles and drones., Coalition reaffirms right to self-defense under Article 51 of the UN Charter.