സൗദിയിൽ കനത്ത മഴയ്ക്ക് മുന്നറിയിപ്പ്; മക്കയടക്കം വിവിധ മേഖലകളിൽ വെള്ളപ്പൊക്ക സാധ്യത, തിങ്കളാഴ്ച വരെ ജാഗ്രതാ നിർദേശം

ജിദ്ദ: സൗദി അറേബ്യയിലെ വിവിധ മേഖലകളിൽ ബുധനാഴ്ച മുതൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ സിവിൽ ഡിഫൻസ് ജാഗ്രതാ നിർദേശം നൽകി. കനത്ത മഴയ്‌ക്കൊപ്പം മിന്നൽ, ആലിപ്പഴ വർഷം, ശക്തമായ കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും താഴ്വരകളിലും മിന്നൽ പ്രളയത്തിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും താഴ്വരകളിലേക്കും വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളിലേക്കും പോകരുതെന്നും സിവിൽ ഡിഫൻസ് നിർദേശിച്ചു. പ്രളയജലത്തിൽ നീന്താനോ വാഹനങ്ങളുമായി വെള്ളം കയറിയ പ്രദേശങ്ങൾ മുറിച്ചുകടക്കാനോ ശ്രമിക്കരുതെന്നും മുന്നറിയിപ്പുണ്ട്.
നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി (എൻ.സി.എം) നൽകുന്ന റിപ്പോർട്ട് പ്രകാരം മക്ക മേഖലയുടെ വിവിധ ഭാഗങ്ങളിൽ മിതമായത് മുതൽ ശക്തമായ മഴ വരെ ലഭിക്കാം. ഇതോടെ മിന്നൽ പ്രളയത്തിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. ശക്തമായ കാറ്റ് പൊടിയും മണലും ഉയർത്തുന്നതിനാൽ കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്.
തായിഫ്, മൈസാൻ, അദം, അൽ അർദിയാത്ത് എന്നിവിടങ്ങളിലാണ് കൂടുതൽ ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. മക്ക, അൽ കാമിൽ, അൽ ജുമൂം, ബഹ്‌റ, അല്ലീത്ത്, ഖുൻഫുദ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത.
ജിസാൻ, അസീർ, അൽ ബാഹ മേഖലകളിലും മിതമായത് മുതൽ ശക്തമായ മഴ വരെ ലഭിച്ചേക്കും. ഇവിടങ്ങളിലും വെള്ളപ്പൊക്കത്തിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. ശക്തമായ കാറ്റിനൊപ്പം പൊടിയും മണലും ഉയരാനും സാധ്യതയുണ്ട്. മദീന, നജ്റാൻ മേഖലകളിൽ നേരിയതോ മിതമായതോ ആയ മഴയാണ് പ്രവചിച്ചിരിക്കുന്നത്.
കാലാവസ്ഥാ സാഹചര്യം തിങ്കളാഴ്ച വരെ തുടരുമെന്നാണ് മുന്നറിയിപ്പ്. ഔദ്യോഗിക മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പുറത്തുവരുന്ന കാലാവസ്ഥാ മുന്നറിയിപ്പുകളും സുരക്ഷാ നിർദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അഭ്യർഥിച്ചു.
താഴ്വരകളിൽ നിന്നും വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ നിന്നും അകലം പാലിക്കുകയാണ് വേണ്ടത്. ജാഗ്രതയാണ് സുരക്ഷയെന്നും അധികൃതർ പറഞ്ഞു.
Content Highlights: Civil Defence issued a severe weather alert for multiple regions in Saudi Arabia from Wednesday to Monday., Heavy rainfall, thunderstorms, hail, and strong winds are expected., Flash floods are likely in low-lying areas and valleys, prompting safety warnings., Makkah, Taif, Jazan, Asir, and Al-Baha are among the regions expected to be affected.