സൗദിക്കെതിരായ ഹൂതി ആക്രമണങ്ങളെ ശക്തമായി അപലപിച്ച് യുഎൻ സുരക്ഷാ കൗൺസിൽ സ്വയം പ്രതിരോധിക്കാനുള്ള സൗദിയുടെ അവകാശത്തിന് പിന്തുണ

റിയാദ്: സൗദി അറേബ്യക്കെതിരായ ഹൂതി ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ. ഹൂതികളുടെ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ, അന്താരാഷ്ട്ര നിയമപ്രകാരം സ്വയം പ്രതിരോധിക്കാനുള്ള സൗദി അറേബ്യയുടെ അവകാശത്തെ സുരക്ഷാ കൗൺസിൽ പിന്തുണച്ചു. സൗദിയിലെ സിവിലിയൻ, ഊർജ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ഹൂതി ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സാധാരണക്കാർക്ക് പരിക്കേറ്റതിൽ സുരക്ഷാ കൗൺസിൽ അംഗങ്ങൾ കടുത്ത ആശങ്ക രേഖപ്പെടുത്തി.
സൗദി അറേബ്യയുടെ സ്വയം പ്രതിരോധത്തിനുള്ള “അന്തർലീനമായ അവകാശം” അന്താരാഷ്ട്ര നിയമത്തിന് അനുസൃതമാണെന്ന് കൗൺസിൽ വ്യക്തമാക്കി. രാജ്യത്തെ സാധാരണക്കാരെയും സിവിലിയൻ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സൗദിക്കൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും വാണിജ്യ കപ്പലുകൾക്കെതിരായ ആക്രമണങ്ങളും ഭീഷണികളും സുരക്ഷാ കൗൺസിൽ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളും, പ്രത്യേകിച്ച് ഐക്യരാഷ്ട്രസഭയുടെ കടൽ നിയമ കൺവെൻഷനും ഹൂതി വിഭാഗം പാലിക്കണമെന്നും കടൽ ഗതാഗതത്തിന്റെ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
ഹൂതികൾക്കെതിരായ ആയുധ ഉപരോധം കർശനമായി നടപ്പാക്കുന്നതിനായി യെമൻ സർക്കാരുൾപ്പെടെയുള്ള കക്ഷികളുമായി പ്രായോഗിക സഹകരണം ശക്തമാക്കണമെന്നും സുരക്ഷാ കൗൺസിൽ ആവശ്യപ്പെട്ടു. ആയുധങ്ങൾ, പരിശീലനം, സാമ്പത്തിക സഹായം എന്നിവ ഹൂതികൾക്ക് ലഭിക്കുന്നത് തടയണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. അതേസമയം, യമനിലെ വഷളാകുന്ന മാനുഷിക സാഹചര്യം സംബന്ധിച്ചും സുരക്ഷാ കൗൺസിൽ മുന്നറിയിപ്പ് നൽകി. സെപ്റ്റംബർ ആരംഭം മുതൽ ഹൂതി ആക്രമണത്തെ തുടർന്ന് രാജ്യത്താകെ 1,25,000ത്തിലധികം പേർക്ക് വീടുവിട്ട് മാറേണ്ടിവന്നതായി ഐക്യരാഷ്ട്രസഭ അറിയിച്ചു.
ഹൂതി വിഭാഗം തടവിലാക്കിയിരിക്കുന്ന 73 യുഎൻ ജീവനക്കാരുൾപ്പെടെയുള്ള തടവുകാരെയും, സർക്കാരിതര സംഘടനകളിലെയും സിവിൽ സൊസൈറ്റി സ്ഥാപനങ്ങളിലെയും ജീവനക്കാരെയും ഉപാധികളില്ലാതെ, സുരക്ഷിതമായും അടിയന്തരമായും മോചിപ്പിക്കണമെന്നും സുരക്ഷാ കൗൺസിൽ വീണ്ടും ആവശ്യപ്പെട്ടു.
സൗദി അറേബ്യൻ പ്രദേശത്തേക്കുള്ള ഹൂതി ആക്രമണങ്ങൾ, ചെങ്കടലിലെ കപ്പൽ ഗതാഗതത്തിനെതിരായ ഭീഷണികൾ, ബാബ് അൽ മന്ദബ് മേഖലയിലേക്കുള്ള ഹൂതികളുടെ നീക്കങ്ങൾ എന്നിവ സംഘർഷം കൂടുതൽ വ്യാപിക്കുന്നതിനും സമുദ്രസുരക്ഷയ്ക്കും അന്താരാഷ്ട്ര വ്യാപാരത്തിനും ഭീഷണിയാകുന്നതിനും കാരണമാകുമെന്ന് കൗൺസിൽ മുന്നറിയിപ്പ് നൽകി.
യെമനിൽ സമാധാനം സ്ഥാപിക്കുന്നതിനായി യുഎൻ പ്രത്യേക ദൂതൻ ഹാൻസ് ഗ്രുൻഡ്ബെർഗിന്റെ നേതൃത്വത്തിലുള്ള യമൻകേന്ദ്രിത രാഷ്ട്രീയ പരിഹാര ശ്രമങ്ങൾക്ക് പിന്തുണ തുടരുമെന്നും സുരക്ഷാ കൗൺസിൽ വ്യക്തമാക്കി. യമൻ ആഭ്യന്തര യുദ്ധത്തിലെ വർഷങ്ങളായുള്ള വെടിനിർത്തൽ ജൂലൈയിൽ തകർന്നതിന് പിന്നാലെ സൗദി അറേബ്യക്കെതിരായ ഹൂതി ആക്രമണങ്ങളിൽ ഉണ്ടായ ഏറ്റവും ശക്തമായ ഘട്ടത്തിനിടെയാണ് സുരക്ഷാ കൗൺസിലിന്റെ പ്രസ്താവന.
സെപ്റ്റംബർ 8ന് യമൻ അതിർത്തിക്ക് സമീപമുള്ള അറാംകോയുടെ ഊർജ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ആക്രമണത്തിൽ 73 പേർക്ക് പരിക്കേൽക്കുകയും നിരവധി കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി സൗദി നേതൃത്വത്തിലുള്ള സൈനിക സഖ്യം അറിയിച്ചു. സംഘർഷം വീണ്ടും രൂക്ഷമായതിന് ശേഷമുള്ള ഏറ്റവും ഗുരുതരമായ ആക്രമണങ്ങളിലൊന്നായിരുന്നു ഇത്.
തുടർന്ന് സെപ്റ്റംബർ മധ്യം വരെ ഖമീസ് മുഷൈത്ത്, അബ്ഹ, ജിസാൻ, നജ്റാൻ എന്നിവിടങ്ങളിൽ ഏതാണ്ട് ദിവസേന ആക്രമണങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. സെപ്റ്റംബർ 14ന് നടന്ന ആക്രമണത്തിൽ 13 സാധാരണക്കാർക്ക് കൂടി പരിക്കേൽക്കുകയും വീടുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടമുണ്ടാകുകയും ചെയ്തു.
Content Highlights: Civil Defense issued emergency alerts in Riyadh and other regions regarding hostile aerial threats., Houthi drone and missile attacks have intensified, impacting civilian areas and infrastructure in Saudi Arabia., Authorities urged residents to stay indoors and follow safety guidelines as regional tensions escalate.