സൗദിയിൽ റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ച് സ്തന ശസ്ത്രക്രിയ വിജയകരം

റിയാദ്: സൗദി അറേബ്യയിൽ റോബോട്ടിക് ശസ്ത്രക്രിയാ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആദ്യ സ്തന പുനർനിർമാണ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. റിയാദിലെ സെക്യൂരിറ്റി ഫോഴ്‌സസ് ആശുപത്രിയിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ മെഡിക്കൽ സർവീസസിന് കീഴിലാണ് ശസ്ത്രക്രിയ നടത്തിയത്. സ്തനാർബുദം സ്ഥിരീകരിച്ചതിനെ തുടർന്ന് സ്തന നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ 43കാരിയിലാണ് പുനർനിർമാണ ശസ്ത്രക്രിയ നടത്തിയത്.
വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ റോബോട്ടിക് സഹായത്തോടെയുള്ള ശസ്ത്രക്രിയാ രീതികളാണ് ഇതിനായി ഉപയോഗിച്ചത്. രോഗിയുടെ വയറിന്റെ ഭാഗത്തുനിന്ന് ത്വക്കും കൊഴുപ്പും ശേഖരിച്ച് മൈക്രോ സർജറി സാങ്കേതികവിദ്യയിലൂടെ നെഞ്ചിലേക്ക് മാറ്റുകയായിരുന്നു. 
റോബോട്ടിക് സാങ്കേതികവിദ്യയുടെ സഹായത്തോടെ വളരെ ചെറിയ മുറിവുകളിലൂടെ ശസ്ത്രക്രിയ നടത്താനാകുമെന്നതാണ് പ്രധാന നേട്ടം. പരമ്പരാഗത ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ഹെർണിയ, വയറിന്റെ ഭാഗം പുറത്തേക്ക് തള്ളിനിൽക്കുന്ന അവസ്ഥ തുടങ്ങിയ സങ്കീർണതകളുടെ സാധ്യത കുറയ്ക്കാനും ശസ്ത്രക്രിയയുടെ കൃത്യത വർധിപ്പിക്കാനും ഇതിലൂടെ സാധിക്കും. ജീവിതനിലവാരം മെച്ചപ്പെടുത്താനും ആത്മവിശ്വാസം വീണ്ടെടുക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഇത്തരം ശസ്ത്രക്രിയകൾ സഹായിക്കുന്നു.
ആധുനിക ശസ്ത്രക്രിയാ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിലും പ്രയോഗത്തിൽ കൊണ്ടുവരുന്നതിലുമുള്ള സൗദിയുടെ മുന്നേറ്റത്തിന്റെ തെളിവാണ് ഈ നേട്ടമെന്ന് അധികൃതർ വ്യക്തമാക്കി. ഏറ്റവും പുതിയ മെഡിക്കൽ, ശസ്ത്രക്രിയാ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി വിദഗ്ധ ചികിത്സാ സേവനങ്ങൾ വികസിപ്പിക്കാനും രോഗികൾക്ക് ലഭിക്കുന്ന ചികിത്സയുടെ ഗുണനിലവാരവും കാര്യക്ഷമതയും ഉയർത്താനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ മെഡിക്കൽ സർവീസസിന്റെ ശ്രമങ്ങളുടെ തുടർച്ച കൂടിയാണിത്.