ലോകകപ്പ്: ഖത്തറിന് കൂടുതല്‍ പിന്തുണ നല്‍കാന്‍ സൗദി കിരീടാവകാശിയുടെ ഉത്തരവ്

#ജാഫറലി പാലക്കോട്
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ | Photo: AP
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ | Photo: AP

ജിദ്ദ: ഞായറാഴ്ച ആരംഭിച്ച ലോകകപ്പ് 2022ന് ആതിഥേയത്വം വഹിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി ഖത്തറിന് ആവശ്യമായ ഏതെങ്കിലും അധിക പിന്തുണയോ സൗകര്യങ്ങളോ നല്‍കണമെന്ന് കിരീടാവകാശിയുടെ ഉത്തരവ്. പ്രധാനമന്ത്രികൂടിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ എല്ലാ സൗദി മന്ത്രാലയങ്ങളേയും അധികാരികളേയും സര്‍ക്കാര്‍ ഏജന്‍സികളേയും ഇതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശമറിയിച്ചു. 

കായിക മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരനാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാനും പ്രഥമവിവര റിപ്പോര്‍ട്ട് തനിക്ക് സമര്‍പ്പിക്കാനും കിരീടാവകാശി കായിക മന്ത്രിയോട് നിര്‍ദ്ദേശിച്ചതായി അദ്ദേഹം വിശദീകരിച്ചു. 

സൗദി അറേബ്യ വഴി ഖത്തറിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും സൗകര്യങ്ങളും ലോകകപ്പ് ആരാധകര്‍ക്കായി സൗദി അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. ഖത്തര്‍ ലോകകപ്പില്‍ സൗദി അറേബ്യയില്‍ നിന്ന് 500 ലധികം വോളന്റിയര്‍മാര്‍ പങ്കെടുക്കുമെന്ന് കായിക മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലോകകപ്പിനുള്ള തയ്യാറെടുപ്പിനായി സൗദി ദേശീയ ടീം ലീഗില്‍ 5000 ഗ്രീന്‍ ഫാല്‍ക്കണ്‍സ് ആരാധകരെ ഉള്‍പ്പെടുത്തുമെന്ന് സൗദി അറേബ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ഇബ്രാഹിം അല്‍ ഖാസിം വെളിപ്പെടുത്തി.

ലോകകപ്പ് സീസണില്‍ 60 ദിവസം വരെ സൗദിയില്‍ ചെലവഴിക്കാന്‍ ഹയ്യ കാര്‍ഡ് കൈവശമുള്ള എല്ലാ ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ആരാധകരെയും സൗദി അറേബ്യ സ്വാഗതം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സൗദിയിലെ റോഡു മാര്‍ഗവും മറ്റ് മാര്‍ഗങ്ങളിലൂടെയും വേള്‍ഡ് കപ്പില്‍ പങ്കെടുക്കുന്നവര്‍ക്കായുള്ള എല്ലാ  ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ വിമാനത്താവളം, കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, പ്രിന്‍സ് നായിഫ് ഇന്റര്‍നാഷണല്‍ വിമാനത്താവളം, പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം എന്നിങ്ങനെ അഞ്ച് വിമാനത്താവളങ്ങള്‍ ലോകകപ്പ് ആധകര്‍ക്കുള്ള വിമാന യാത്രക്കുള്ള സേവനം നല്‍കുന്നു.

ലോകകപ്പ് മത്സര കാലയളവില്‍ സൗദിയിലെ ഒന്നിലധികം നഗരങ്ങളില്‍ നിന്ന് ദോഹയിലേക്ക് ഷട്ടില്‍ ഫ്ലൈറ്റുകള്‍ ആരംഭിക്കാനുള്ള പദ്ധതി സൗദി എയര്‍ലൈന്‍സ് പ്രഖ്യാപിച്ചു. ഖത്തറിലെ ലോകകപ്പ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ആരാധകരെ എത്തിക്കുന്നതിനായി 55 ബസുകള്‍ വിന്യസിച്ചുകൊണ്ട് സൗദി അതിര്‍ത്തിയായ സല്‍വയ്ക്കും ഖത്തര്‍ അതിര്‍ത്തി പോയിന്റ് അബു സംരയ്ക്കും ഇടയിലുള്ള ഷട്ടില്‍ സര്‍വീസുകളുടെ സേവനം സൗദി പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വര്‍ദ്ധിപ്പിച്ചട്ടുണ്ട്.


 

Content Highlights: saudi arabia offers more support to qatar