സൗദിയിൽ വ്യവസായ കുതിപ്പ്; ഫാക്ടറികളുടെ എണ്ണം 18.9% ഉയർന്നു

റിയാദ്: സൗദി അറേബ്യയിൽ വ്യവസായം, ടൂറിസം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ വളർച്ച രേഖപ്പെടുത്തി. 2025ൽ വ്യവസായ നഗരങ്ങളിലെ ഉൽപാദന ഫാക്ടറികളുടെ എണ്ണം 18.9 ശതമാനം വർധിച്ച് 4,938 ആയി. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട 2025ലെ സേവനമേഖലാ സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ ഹോട്ടലുകളുടെ എണ്ണത്തിലും ഗണ്യമായ വർധനയുണ്ടായി. 2024നെ അപേക്ഷിച്ച് 31.6 ശതമാനം വർധിച്ച് ഹോട്ടലുകളുടെ എണ്ണം 2,847 ആയി. ഹോട്ടൽ മുറികളുടെ എണ്ണം 23.4 ശതമാനം ഉയർന്ന് നാല് ലക്ഷത്തി തൊണ്ണൂറ്റൊന്നായിരത്തിലധികമായി. ട്രാവൽ, ടൂറിസം ഏജൻസികളുടെ എണ്ണം 16.2 ശതമാനം വർധിച്ച് 3,177 ആയി.
വിദ്യാഭ്യാസ മേഖലയിൽ സ്കൂളുകളുടെ എണ്ണം 1.9 ശതമാനം വർധിച്ച് 32,000 ആയി. ഇതിൽ 24,200 സ്കൂളുകൾ പൊതുമേഖലയിലും 7,800 സ്കൂളുകൾ സ്വകാര്യ മേഖലയിലുമാണ്. ആരോഗ്യ മേഖലയിൽ ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ 292 സർക്കാർ ആശുപത്രികളും മറ്റു സർക്കാർ സ്ഥാപനങ്ങളുടെ കീഴിൽ 63 ആശുപത്രികളുമുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം 2,177 ആയി. റിയാദ് മേഖലയിൽ 406ഉം മക്ക മേഖലയിൽ 321ഉം അസീർ മേഖലയിൽ 281ഉം കേന്ദ്രങ്ങളുണ്ട്.
വ്യോമഗതാഗത മേഖലയിൽ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടെ വിമാന സർവീസുകളുടെ എണ്ണം 9.79 ലക്ഷത്തിലധികമായി. 2025ൽ വിമാനയാത്രക്കാരുടെ എണ്ണം ഏകദേശം 14.1 കോടിയിലെത്തി. രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 29 ആയി തുടരുന്നു.
ബാങ്കിങ് മേഖലയിൽ വാണിജ്യ ബാങ്ക് ശാഖകളുടെ എണ്ണം 1,910 ആയി ഉയർന്നു. എന്നാൽ എടിഎമ്മുകളുടെ എണ്ണം 2.7 ശതമാനം കുറഞ്ഞ് 14,000ൽ താഴെയായി. സൗദി പോസ്റ്റ് ശാഖകളുടെ എണ്ണം 2.1 ശതമാനം വർധിച്ച് 345 ആയി. അതേസമയം, സാമൂഹിക സുരക്ഷാ ഓഫീസുകളുടെയും യൂണിറ്റുകളുടെയും എണ്ണം 14.2 ശതമാനം കുറഞ്ഞ് 91 ആയി.
Content Highlights: saudi-arabia-industrial-growth-factories-2025