സൗദിയിലേക്ക് വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക്; 33.5 ശതമാനം വർധന; ആകെ നിക്ഷേപം ഒരു ട്രില്യൺ റിയാൽ കടന്നു

റിയാദ്: വിദേശ നിക്ഷേപ രംഗത്ത് മികച്ച നേട്ടവുമായി സൗദി അറേബ്യ. 2025-ൽ രാജ്യത്തേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപ വരവ് 33.5 ശതമാനം വർധിച്ച് 15,910 കോടി റിയാലിലെത്തി. രാജ്യത്തെ ആകെ വിദേശ നിക്ഷേപ ശേഖരം 1.06 ട്രില്യൺ റിയാൽ കടന്നു. ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്സ് പുറത്തിറക്കിയ 'വോയ്സ് ഓഫ് ബിസിനസ്' റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സൗദിയിൽ നിക്ഷേപം നടത്താൻ താൽപര്യപ്പെടുന്ന അമേരിക്കൻ കമ്പനികളുടെ എണ്ണത്തിലും വർധനയുണ്ട്. 2025-ൽ അമേരിക്കൻ നിക്ഷേപകർക്ക് 371 ലൈസൻസുകൾ അനുവദിച്ചപ്പോൾ 2026 ഒക്ടോബറോടെ ഇത് ഏകദേശം 530 ആയി ഉയർന്നു. 2016 മുതൽ 2024 വരെയുള്ള കാലയളവിൽ സൗദിയിലെ അമേരിക്കൻ നേരിട്ടുള്ള നിക്ഷേപം 5,560 കോടി റിയാലിലെത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, 2026ലെ രണ്ടാം പാദത്തിൽ സൗദിയിലേക്കെത്തിയ വിദേശ നിക്ഷേപം 2,230 കോടി റിയാലാണ്. ഇതിൽ അറ്റ നിക്ഷേപ വരവ് 1,910 കോടി റിയാലാണ്.

2025ൽ വിദേശ നിക്ഷേപത്തിൽ മികച്ച വാർഷിക വളർച്ച കൈവരിച്ചെങ്കിലും 2026ലെ രണ്ടാം പാദത്തിൽ നേരിയ തിരിച്ചടിയുണ്ടായി. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് വിദേശ നിക്ഷേപ വരവ് 16.9 ശതമാനം കുറഞ്ഞതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.