യുദ്ധച്ചെലവിന് കണക്കുവെക്കില്ല, പതിരോധത്തിന് ആവശ്യമായതെല്ലാം ചെലവഴിക്കും: സൗദി ധനമന്ത്രി

റിയാദ്: രാജ്യത്തിന്റെ സുരക്ഷയും നേട്ടങ്ങളും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷിതത്വവുമാണ് ചെലവിനേക്കാൾ പ്രധാനമെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ. രാജ്യത്തിന്റെ പ്രതിരോധത്തിനായി ആവശ്യമായ തുക ചെലവഴിക്കാൻ സർക്കാർ തയ്യാറാണെന്നും നിലവിലെ സാഹചര്യങ്ങളെ ദീർഘകാലം നേരിടാനുള്ള സാമ്പത്തിക ശേഷിയും വിഭവങ്ങളും സൗദിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക അടിത്തറ വൈവിധ്യവത്കരിക്കുന്നതിനും വികസന പ്രവർത്തനങ്ങൾ തുടരുന്നതിനുമുള്ള പ്രതിബദ്ധതയിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
ബജറ്റ് ഫോറത്തിന്റെ ഭാഗമായി അഷർഖ് ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് അൽജദ്ആന്റെ പ്രതികരണം. രാജ്യത്തെ പ്രതിരോധിക്കുന്ന കാര്യത്തിൽ യുദ്ധച്ചെലവിന് പ്രത്യേക പരിധിയോ കണക്കോ നിശ്ചയിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. സൈനിക ആവശ്യങ്ങൾ വികസനച്ചെലവുകളെയോ പൗരന്മാർക്ക് നൽകുന്ന സേവനങ്ങളെയോ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബജറ്റിൽ നേരത്തെ കണക്കാക്കിയതിനെക്കാൾ ചെലവ് വർധിച്ചത് പ്രതീക്ഷിച്ചിരുന്നതാണെന്ന് ധനമന്ത്രി വിശദീകരിച്ചു. സാമ്പത്തിക വളർച്ചയുടെ വേഗം നിലനിർത്തുന്നതിനും വികസന പ്രവർത്തനങ്ങൾ തുടരുന്നതിനും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ് അധിക ചെലവുകൾ അനുവദിച്ചത്. ബജറ്റിന്റെ പ്രാഥമിക പ്രസ്താവനയിൽ ഇക്കാര്യം സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
സാധനങ്ങളുടെയും ഉൽപ്പാദനത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെയും മതിയായ ശേഖരം ഉറപ്പാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ട്. ഏതാനും മാസത്തേക്കുള്ള ശേഖരത്തിന് പുറമെ ചില ഉൽപ്പന്നങ്ങളുടെ കരുതൽ ഒരു വർഷത്തേക്കു വരെ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധികളെയും അപ്രതീക്ഷിത സാഹചര്യങ്ങളെയും നേരിടാൻ സമ്പദ്വ്യവസ്ഥയെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണിത്.
സൈനിക ചെലവുകൾ സംബന്ധിച്ച ആസൂത്രണം സമീപകാല സംഭവവികാസങ്ങൾക്ക് ശേഷമല്ല ആരംഭിച്ചതെന്നും 2023ൽ തുടങ്ങിയ പത്തുവർഷത്തെ പദ്ധതിയുടെ ഭാഗമാണെന്നും അൽജദ്ആൻ വ്യക്തമാക്കി. ദേശീയ പ്രതിരോധ തന്ത്രത്തിന്റെ അടിസ്ഥാനത്തിൽ ഭീഷണികളും ആവശ്യങ്ങളും വിലയിരുത്തി പ്രതിരോധ ശേഷി വർധിപ്പിക്കുക, പ്രാദേശിക സൈനിക വ്യവസായം വികസിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
സാമ്പത്തിക, ധനകാര്യ, ഭൗമരാഷ്ട്രീയ വെല്ലുവിളികളെ നേരിടാൻ വിവിധ സാഹചര്യങ്ങൾ മുൻകൂട്ടി കണ്ട് സർക്കാർ പദ്ധതികൾ തയ്യാറാക്കുന്നുണ്ട്. സാമ്പത്തിക പ്രതിരോധത്തിനായി ഒന്നിലധികം സുരക്ഷാ സംവിധാനങ്ങളുണ്ടെന്നും മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ച് സൗദിയുടെ കടബാധ്യത ഇപ്പോഴും കുറഞ്ഞ നിലയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ ഘടകങ്ങളെല്ലാം പ്രതിരോധ ആവശ്യങ്ങൾക്കായി ചെലവഴിക്കുന്നതിനൊപ്പം വികസന മുൻഗണനകൾക്കും അടിസ്ഥാന സേവനങ്ങൾക്കും ആവശ്യമായ ഫണ്ട് ഉറപ്പാക്കാൻ സഹായിക്കുമെന്നും സൗദി സമ്പദ്വ്യവസ്ഥയുടെ പ്രതിരോധശേഷിയും വളർച്ചയും സാമ്പത്തിക വൈവിധ്യവത്കരണവും തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി.
Content Highlights: Saudi Arabia, War Expences, Financial Minister