സൗദിയിൽ സ്ത്രീകളെ കൊള്ളയടിക്കുകയും പീഡിപ്പിക്കുകയും ചെയ്ത പ്രതിക്ക് വധശിക്ഷ

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മക്ക: സ്ത്രീകളെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തി കൊള്ളയടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ഒരാളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ സൗദി പൗരന് വധശിക്ഷ നടപ്പാക്കി. മക്ക മേഖലയിൽ ശനിയാഴ്ചയാണ് ആഭ്യന്തര മന്ത്രാലയം വധശിക്ഷ നടപ്പാക്കിയത്. മുഹമ്മദ് ബിൻ അക്രം ബിൻ മുഹമ്മദ് ബദ്കൂക്ക് എന്നയാളെയാണ് കൊലപാതകം, ലൈംഗികാതിക്രമം, കൊള്ള എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് വധശിക്ഷയ്ക്ക് വിധേയനാക്കിയത്.

വ്യത്യസ്ത സമയങ്ങളിലായി മൂന്ന് സ്ത്രീകളെ പ്രതി ആളൊഴിഞ്ഞ സ്ഥലത്തേക്ക് പ്രലോഭിപ്പിച്ച് എത്തിക്കുകയായിരുന്നു. തുടർന്ന് ഇവരുടെ കൈവശമുണ്ടായിരുന്ന വസ്തുക്കൾ കവർന്നെടുക്കുകയും ഒരാളെ ബലാത്സംഗം ചെയ്യുകയും മറ്റൊരാളെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. മൂന്നാമത്തെ സ്ത്രീയെ പ്രതി കൊലപ്പെടുത്തുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ ഇയാൾക്കെതിരായ കുറ്റങ്ങൾ സ്ഥിരീകരിച്ചതിനെ തുടർന്ന് ബന്ധപ്പെട്ട കോടതിയിൽ ഹാജരാക്കി.

പ്രതിക്കെതിരായ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി കണ്ടെത്തി. സ്ത്രീകളുടെ മാനത്തിനും സ്വത്തിനും നേരെയുള്ള അതിക്രമവും നിരപരാധിയായ ഒരാളെ കൊലപ്പെടുത്തിയതും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ കൊള്ളയുടെയും ഭൂമിയിൽ അഴിമതി വിതയ്ക്കുന്നതിന്റെയും (ഹിറാബ) പരിധിയിൽ വരുന്നതാണെന്ന് കോടതി വിലയിരുത്തി.

നിയമനടപടികൾ പൂർത്തിയാക്കി വിധി അന്തിമമായതിനു പിന്നാലെ ബന്ധപ്പെട്ട അധികാരികൾ വിധിക്ക് അംഗീകാരം നൽകി. തുടർന്ന് ഹിറാബ കുറ്റത്തിന് ശരീഅത്ത് നിയമപ്രകാരം നിശ്ചയിച്ച ശിക്ഷ നടപ്പാക്കുന്നതിനുള്ള രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

ജീവനും മാനത്തിനും സ്വത്തിനും നേരെ അതിക്രമം നടത്തുന്നവർക്കെതിരെ ഇസ്ലാമിക ശരീഅത്ത് നിയമപ്രകാരമുള്ള ശിക്ഷകൾ നടപ്പാക്കുന്നതിൽ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് സുരക്ഷയും നീതിയും ഉറപ്പാക്കുന്നതിനുള്ള നടപടികൾ തുടരുമെന്നും ഇത്തരം ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശരീഅത്ത് നിയമപ്രകാരമുള്ള ശിക്ഷകൾ നടപ്പാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Content Highlights: Saudi authorities executed a national named Muhammad bin Akram bin Muhammad Badkook in the Makkah region.