ഓരോ മുന്നറിയിപ്പിനും പിന്നാലെ അപകടസാധ്യത ഒഴിവായതായി സൗദി അധികൃതർ

ജിദ്ദ: സൗദി സമയം പുലർച്ചെ 2.58ഓടെയാണ് ആദ്യ മുന്നറിയിപ്പ് നൽകിയത്. റിയാദിൽ കുറഞ്ഞത് രണ്ട് സ്ഫോടനശബ്ദങ്ങൾ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. ഏതാനും മിനിറ്റുകൾക്കകം അപകടസാധ്യത ഒഴിവായതായി സിവിൽ ഡിഫൻസ് അറിയിച്ചു. വാട്സ്ആപ്പ് സന്ദേശത്തിലൂടെയാണ് മലയാളികളടക്കമുള്ള സൗദിയിലെ എല്ലാ വിദേശികൾക്കും സൗദി പൗരന്മാർക്കും സിവിൽ ഡിഫൻസ് വിവരം നൽകിയത്.
സൗദിയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ഫർസാൻ ദ്വീപുകളിലും സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മുന്നറിയിപ്പിന് കാരണമായ ഭീഷണിയുടെ സ്വഭാവം ഉടൻ വ്യക്തമാക്കിയില്ല. പുലർച്ചെ 5.19ന് റിയാദിലും അൽഖർജിലും രണ്ടാമത്തെ മുന്നറിയിപ്പ് നൽകി. പത്ത് മിനിറ്റിലേറെ കഴിഞ്ഞ് അപകടസാധ്യത അവസാനിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. നാഷണൽ ഏർലി വാണിംഗ് പ്ലാറ്റ്‌ഫോം വഴിയാണ് മുന്നറിയിപ്പ് മൊബൈൽ ഫോണുകളിലേക്ക് എത്തിച്ചത്. തലസ്ഥാന നഗരിയിലെ താമസക്കാർക്ക് ലഭിച്ച സന്ദേശത്തിൽ, “പ്രദേശം ശത്രുതാപരമായ വ്യോമഭീഷണിയിലാണ്” എന്ന് മുന്നറിയിപ്പ് നൽകി.
റിയാദിൽ ഇത്തരം മുന്നറിയിപ്പ് നൽകിയത് അസാധാരണ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്. വീടുകൾക്കുള്ളിൽ തന്നെ തുടരാനും ജനലുകളിൽ നിന്നും തുറസ്സായ സ്ഥലങ്ങളിൽ നിന്നും അകലം പാലിക്കാനും ഔദ്യോഗിക സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കാനും അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു.
വെള്ളിയാഴ്ചയും സൗദിയുടെ വിവിധ ഭാഗങ്ങളിൽ സിവിൽ ഡിഫൻസ് സമാന മുന്നറിയിപ്പുകൾ നൽകിയിരുന്നു. മക്ക പ്രവിശ്യയിലെ ജിദ്ദ, തായിഫ്, അസീർ പ്രവിശ്യയിലെ ഖമീസ് മുഷൈത്ത്, മദീന പ്രവിശ്യയിലെ അൽഉല എന്നിവിടങ്ങളിലായിരുന്നു മുന്നറിയിപ്പ്.
യമൻ തലസ്ഥാനമായ സൻആയിൽ സൗദി അറേബ്യ നടത്തിയതായി അവകാശപ്പെട്ട ആക്രമണം പരാജയപ്പെടുത്തിയെന്നും അതിന് മറുപടി നൽകുമെന്നും ഹൂതി സൈനിക വക്താവ് യഹ്യ സരീഅ് പറഞ്ഞതിന് മണിക്കൂറുകൾക്കു ശേഷമാണ് പുതിയ മുന്നറിയിപ്പുകൾ ഉണ്ടായത്. റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സൻആയും വടക്കൻ, പടിഞ്ഞാറൻ യമനിലെ വലിയ പ്രദേശങ്ങളും നിയന്ത്രിക്കുന്ന ഹൂതികൾ അടുത്ത ആഴ്ചകളിൽ സൗദിക്കെതിരായ ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങളും ഇതിൽ ഉൾപ്പെടുന്നു. ജൂലൈയിൽ സൗദിയുമായി ബന്ധമുള്ള കപ്പലുകൾ ലക്ഷ്യമിട്ട് ചെങ്കടലിൽ നാവിക ഉപരോധം ഏർപ്പെടുത്തുമെന്ന് ഹൂതികൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആക്രമണങ്ങൾ ശക്തമായത്.
സൗദിയിലെ ജനവാസ മേഖലകളെയും നിർണായക അടിസ്ഥാന സൗകര്യങ്ങളെയും ആക്രമണങ്ങൾ കൂടുതൽ ബാധിക്കുന്ന സാഹചര്യമാണുള്ളത്. വ്യാഴാഴ്ച ഹൂതി ഡ്രോൺ സൗദി വ്യോമ പ്രതിരോധ സേന തടഞ്ഞ് നശിപ്പിച്ചതിന് പിന്നാലെ അതിന്റെ അവശിഷ്ടങ്ങൾ തായിഫിൽ പതിച്ചു. സംഭവത്തിൽ ഒരു യമൻ പൗരൻ കൊല്ലപ്പെടുകയും ഒരു സൗദി വനിതയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റവരിൽ ഒരു പാകിസ്താൻ പൗരനും ഉൾപ്പെടുന്നു. നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
ഇതിന് രണ്ട് ദിവസം മുമ്പ് മക്കയ്ക്ക് തെക്ക് ഭാഗത്ത് സൗദി വ്യോമ പ്രതിരോധ സേന ഒരു ഡ്രോൺ തടഞ്ഞിരുന്നു. മക്ക നഗരത്തിന്റെ വ്യോമപരിധിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ഡ്രോണാണിതെന്ന് അധികൃതർ പറഞ്ഞു. സംഭവത്തെ വലിയ പ്രാധാന്യത്തോടെ സൗദി അധികൃതർ വിശേഷിപ്പിച്ചപ്പോൾ, മക്കയെ ലക്ഷ്യമിട്ടിട്ടില്ലെന്ന് ഹൂതികൾ നിഷേധിച്ചു.
ഈ മാസം ആദ്യം തെക്കൻ സൗദിയിൽ ഹൂതി ആക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ഊർജ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി സൗദി അധികൃതർ അറിയിച്ചു. 2022ൽ യുഎൻ മധ്യസ്ഥതയിൽ ഉണ്ടായ വെടിനിർത്തലിന് ശേഷം യമനിലെ വലിയ തോതിലുള്ള പോരാട്ടം അവസാനിച്ചിരുന്നെങ്കിലും, ഇപ്പോഴത്തെ സംഘർഷം വീണ്ടും രൂക്ഷമായിരിക്കുകയാണ്.
ഇറാഖിലെ സായുധ സംഘങ്ങളും സൗദിയെ ലക്ഷ്യമിടുന്നുന്നുണ്ട്. ഇറാൻ അനുകൂല ഇറാഖി സായുധ സംഘങ്ങളിൽനിന്നും സൗദി അറേബ്യ ആക്രമണം നേരിട്ടിട്ടുണ്ട്. സെപ്റ്റംബർ 11ന് റിയാദ്, മദീന മേഖലകളിൽ നിരവധി ഡ്രോണുകൾ ആക്രമണം നടത്തിയതിനെ തുടർന്ന് സൗദി അറേബ്യ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ താൽക്കാലികമായി അടച്ചിരുന്നു. ആക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റു. ഡ്രോണുകൾ ഇറാഖിൽ നിന്നാണ് വിക്ഷേപിച്ചതെന്ന് സൗദി അറേബ്യ അറിയിച്ചു. ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണമെന്ന് ഇറാഖിനോട് സൗദി ആവശ്യപ്പെട്ടു. സൗദിയുടെ എണ്ണ കയറ്റുമതിക്ക് തന്ത്രപ്രധാനമായ പാതയാണ് ഈ പൈപ്പ്‌ലൈൻ. ഹോർമുസ് കടലിടുക്ക് ഒഴിവാക്കി സൗദി എണ്ണ കയറ്റുമതി നടത്താൻ ഇത് സഹായിക്കുന്നു. ഹോർമുസ് കടലിടുക്ക് മേഖലയിലെ മറ്റൊരു പ്രധാന സമുദ്ര ഗതാഗത കേന്ദ്രമാണ്.
യെമന്റെ ചെങ്കടൽ തീരത്ത് പോരാട്ടം ശക്തമായ സാഹചര്യത്തിലാണ് പുതിയ ഹൂതി ആക്രമണങ്ങളും ഉണ്ടായിരിക്കുന്നത്. യുഎൻ കുടിയേറ്റ ഏജൻസിയുടെ വെള്ളിയാഴ്ചത്തെ കണക്കുകൾ പ്രകാരം, അടുത്തിടെ 1,12,000 പേർ യെമനിനുള്ളിൽ തന്നെ പലായനം ചെയ്തിട്ടുണ്ട്. ഏകദേശം 3,000 പേർ കടൽമാർഗം ജിബൂത്തിയിലേക്ക് പലായനം ചെയ്തതായും ഏജൻസി അറിയിച്ചു. ചെങ്കടൽ തീരത്ത് ഹൂതികളുടെ സാന്നിധ്യം ശക്തമാകുന്നത് ബാബ് അൽ മന്ദബ് കടലിടുക്കിനെ കുറിച്ചുള്ള ആശങ്കകളും വർധിപ്പിച്ചിട്ടുണ്ട്. ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ഈ കടലിടുക്ക് ആഗോള ഊർജ, വാണിജ്യ കപ്പൽ ഗതാഗതത്തിലെ പ്രധാന സമുദ്രപാതയാണ്.
Content Highlights: Saudi Civil Defense issued emergency air threat alerts in Riyadh and other regions., Residents heard explosion sounds in Riyadh and were advised to stay indoors., Tensions rise as Houthi drone and missile attacks increase across Saudi Arabia., Air defense systems intercepted multiple threats, but debris caused casualties and damage.