സമുദ്രഗതാഗതത്തിന് ഭീഷണിയാകുന്ന എല്ലാ നടപടികളും ഉടൻ അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യ

ജിദ്ദ: സമുദ്രഗതാഗതത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതും തന്ത്രപ്രധാനമായ ജലപാതകളുടെ സുരക്ഷ തകർക്കുന്നതുമായ എല്ലാ നടപടികളും ഉടൻ അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യ. ചെങ്കടൽ, ബാബുൽ മന്ദബ് കടലിടുക്ക്, ഹോർമുസ് കടലിടുക്ക് എന്നിവിടങ്ങളിലെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന നീക്കങ്ങൾ അവസാനിപ്പിക്കണമെന്നാണ് സൗദി മന്ത്രിസഭയുടെ ആവശ്യം. റിയാദിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങൾ വിലയിരുത്തിയ മന്ത്രിസഭ, മേഖലാ-ആഗോള സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും സൗദി അറേബ്യയുടെ പിന്തുണ ആവർത്തിച്ചു. ഭീകരവാദത്തിനെതിരെയും അതിന്റെ ക്രിമിനൽ സായുധ സംഘങ്ങളെ ഇല്ലാതാക്കുന്നതിനുമുള്ള നടപടികൾ തുടരുമെന്നും മന്ത്രിസഭ വ്യക്തമാക്കി.
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ശറഅ് എന്നിവരുമായി നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ കിരീടാവകാശി മന്ത്രിസഭയെ അറിയിച്ചു. സിയറ ലിയോണിന്റെ പ്രസിഡന്റ് ജൂലിയസ് മാഡ ബിയോ അയച്ച സന്ദേശത്തെക്കുറിച്ചും കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുമായും ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്സോട്ടാക്കിസുമായും നടത്തിയ ഫോൺ സംഭാഷണങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും പ്രാദേശിക-അന്തർദേശീയ വിഷയങ്ങളിലെ ഏകോപനത്തിന്റെ പ്രാധാന്യവുമായിരുന്നു ചർച്ചകളിലെ പ്രധാന വിഷയങ്ങൾ.
ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഗൾഫ് റെയിൽവേ പദ്ധതിയുടെ പൊതുകരാറിൽ ഒപ്പുവെച്ചതിനെ മന്ത്രിസഭ സ്വാഗതം ചെയ്തു. ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപ്രധാന സഹകരണവും സാമ്പത്തിക-വികസന ഏകീകരണവും ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളെയും മന്ത്രിസഭ അഭിനന്ദിച്ചു. സംയുക്ത ഗൾഫ് പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും പൊതുലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള സൽമാൻ രാജാവിന്റെ കാഴ്ചപ്പാട് നടപ്പാക്കുന്നത് തുടരുമെന്നും വ്യക്തമാക്കി.
ആറാമത് ഹജ്ജ് സമ്മേളനത്തിന്റെയും പ്രദർശനത്തിന്റെയും ഉദ്ഘാടന ചടങ്ങിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നടത്തിയ പ്രസംഗത്തെയും മന്ത്രിസഭ അഭിനന്ദിച്ചു. ഹറമൈൻ ശരീഫൈനിനും തീർഥാടകർക്കും സേവനം നൽകുന്നതിനായി സൗദി അറേബ്യ നടത്തുന്ന പ്രവർത്തനങ്ങളും ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ഹജ്ജ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും പ്രസംഗത്തിൽ എടുത്തുപറഞ്ഞിരുന്നു. സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതും ഇതിന്റെ ഭാഗമാണ്.
133 രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് സേവനം ലഭ്യമാക്കുന്നതിനായി ഡയറക്ട് ഹജ്ജ് പദ്ധതി വിപുലീകരിച്ചതും തീർഥാടകരുടെ സ്വന്തം രാജ്യങ്ങളിൽ നിന്നുള്ള യാത്രാരംഭം മുതൽ തിരിച്ചെത്തുന്നതുവരെയുള്ള നടപടികൾ സുഗമമാക്കാൻ പുതിയ കരാറുകളും പങ്കാളിത്തങ്ങളും പ്രഖ്യാപിച്ചതും മന്ത്രിസഭ വിലയിരുത്തി.
ദേശീയ മേഖലകളുടെയും സംവിധാനങ്ങളുടെയും പ്രവർത്തനവും വിവിധ വികസന പദ്ധതികളുടെയും തന്ത്രങ്ങളുടെയും പുരോഗതിയും മന്ത്രിസഭ അവലോകനം ചെയ്തു. ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ ഗവൺമെന്റ്, സാങ്കേതിക നൂതനത്വം തുടങ്ങിയ മേഖലകളിൽ നിരവധി അന്തർദേശീയ-പ്രാദേശിക പുരസ്കാരങ്ങൾ നേടിയ സർക്കാർ സ്ഥാപനങ്ങളെയും അഭിനന്ദിച്ചു. വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും വിവിധ മേഖലകളിൽ മികവ് നിലനിർത്തുന്നതിനും സർക്കാർ പിന്തുണ തുടരുമെന്നും വ്യക്തമാക്കി.