സൗദി കിരീടാവകാശി ഗൾഫ് നേതാക്കളുമായി സംസാരിച്ചു; ബഹ്‌റൈനിൽ വീണ്ടും ആക്രമണം

റിയാദ്: രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണങ്ങളിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് സൗദി അറേബ്യ അറിയിച്ചു. തലസ്ഥാനമായ റിയാദും കിഴക്കൻ മേഖലകളും ലക്ഷ്യമിട്ടാണ് ഇറാൻ ആക്രമണം നടത്തിയതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാൽ ശത്രുനീക്കങ്ങളെ വിജയകരമായി പ്രതിരോധിച്ചെന്നും മിസൈലുകളും ഡ്രോണുകളും ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുൻപുതന്നെ തകർത്തായും സൗദി അവകാശപ്പെട്ടു.
ഒരു പ്രകോപനവുമില്ലാതെ നടത്തിയ ഈ ആക്രമണത്തെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. സൗദി അറേബ്യയുടെ ആകാശമോ മണ്ണോ ഇറാന് നേരെയുള്ള ആക്രമണങ്ങൾക്ക് ഉപയോഗിക്കില്ലെന്ന് നേരത്തേ ഉറപ്പുനൽകിയതാണ്. ഈ ഉറപ്പുകൾ നിലനിൽക്കെയാണ് ഇറാൻ സൗദിയെ ലക്ഷ്യംവെച്ചതെന്നത് ഗൗരവതരമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
സൗദി കിരീടാവകാശി വിവിധ ഗൾഫ് രാജ്യങ്ങളിലെ ഭരണ കർത്താക്കളുമായി സംസാരിച്ചു. യു.എ.ഇ., ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, ജോർദാൻ ഭരണകർത്താക്കളുമായി സൽമാൻ രാജകുമാരൻ സംസാരിച്ചു.
അതിനിടെ ബഹ്‌റൈനിലും നിരവധിയിടങ്ങളിൽ മിസൈലാക്രമണമുണ്ടായതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ജനവാസകേന്ദ്രങ്ങളായ മനാമയിലും മുഹറാഖിലുമാണ് ഡ്രോൺ ആക്രമണമുണ്ടായത്. മനാമയിലെ ഇറാ കെട്ടിടത്തിൽ ഡ്രോൺ ആക്രമണമുണ്ടായതിനെത്തുടർന്ന് അഗ്നിബാധയുണ്ടായി. അതിനിടെ ഇസ്രയേലിൽ കൂടുതൽ ഇടങ്ങളിൽ അപായ സൈറൺ മുഴങ്ങിക്കൊണ്ടേയിരിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
വ്യാജവാർത്തകളും ഊഹാപോഹങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്ന യു.എ.ഇ. പ്രോസിക്യൂഷൻ അറിയിച്ചു.
Content Highlights: The Saudi Crown Prince has consulted with leaders of neighboring Gulf countries