പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം: സൗദിയിൽ 80 ലക്ഷം റിയാൽവരെ പിഴയും രണ്ടുവർഷംവരെ തടവും

റിയാദ്: ഉപഭോക്തൃ സംരക്ഷണ നിയമലംഘനങ്ങൾക്ക് കർശന ശിക്ഷാനടപടികളുമായി സൗദി അറേബ്യ. പുതിയ നിയമപ്രകാരം പരമാവധി 80 ലക്ഷം റിയാൽവരെ പിഴയും രണ്ടുവർഷംവരെ തടവും ശിക്ഷയായി ലഭിക്കും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാനും മാനദണ്ഡങ്ങൾ പാലിക്കാത്ത ഉൽപ്പന്നങ്ങൾ കണ്ടുകെട്ടാനും അധികൃതർക്ക് അധികാരമുണ്ടാകും.
സൗദി മന്ത്രിസഭ അംഗീകരിച്ച നിയമത്തിൽ, നിയമലംഘനങ്ങളെക്കുറിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി പൊതുജനമധ്യത്തിൽ വിവരങ്ങൾ പ്രസിദ്ധീകരിക്കാനും വ്യവസ്ഥയുണ്ട്. ഉപഭോക്താക്കളുടെ അവകാശങ്ങൾ ശക്തിപ്പെടുത്തുകയും അന്യായമായ വാണിജ്യ രീതികൾ തടയുകയും ചെയ്യുകയാണ് നിയമത്തിന്റെ ലക്ഷ്യം.
ഉൽപ്പന്നങ്ങളും സേവനങ്ങളും ഉൾപ്പെടെ ഉപഭോക്തൃ അവകാശങ്ങളെ ഒരു ഏകീകൃത നിയമസംവിധാനത്തിനുകീഴിൽ കൊണ്ടുവരുന്ന രാജ്യത്തെ ആദ്യത്തെ സമഗ്ര നിയമമാണിതെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 180 ദിവസത്തിന് ശേഷം നിയമം പ്രാബല്യത്തിൽവരും. നിലവിലുള്ള വാണിജ്യ വഞ്ചനാ വിരുദ്ധ നിയമം, ഇ-കൊമേഴ്സ് നിയമം, വാണിജ്യ വിവരനിയമം എന്നിവയ്ക്ക് പകരമായാണ് പുതിയ നിയമം നടപ്പാക്കുന്നത്.
അസാധാരണ സാഹചര്യങ്ങളിലും പ്രതിസന്ധികളിലും അന്യായമായ വിലവർധന തടയുന്നതിനായി പ്രത്യേക നടപടികൾ സ്വീകരിക്കാൻ അധികൃതർക്ക് പുതിയ നിയമം അധികാരം നൽകുന്നു. ഇതിന്റെ ഭാഗമായി താൽക്കാലിക വിലനിയന്ത്രണം ഏർപ്പെടുത്തുക, പരമാവധി ലാഭവിഹിതം നിശ്ചയിക്കുക, വില വർധിപ്പിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികൃതരുടെ മുൻകൂർ അനുമതി നിർബന്ധമാക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കാം.
വിപണിയിലെ സ്ഥിരത നിലനിർത്തുന്നതിനും പ്രതിസന്ധി ഘട്ടങ്ങളിൽ അമിത വില ഈടാക്കുന്നതിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുമാണ് ഈ വ്യവസ്ഥകളെന്ന് മന്ത്രാലയം അറിയിച്ചു. ഉപഭോക്താക്കളുടെ വാങ്ങൽ തീരുമാനങ്ങളെ അന്യായമായി സ്വാധീനിക്കുന്ന നടപടികൾക്കും നിയമം തടയിടും. ഉപഭോക്താക്കൾക്ക് യുക്തിരഹിതമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, ഭീഷണിപ്പെടുത്തുക, അനാവശ്യ സമ്മർദം ചെലുത്തുക തുടങ്ങിയവയും നിയമലംഘനമായി കണക്കാക്കും.
പ്രത്യേക പേയ്മെന്റ് രീതികൾ ഉപയോഗിക്കുന്നതിന് ഉപഭോക്താക്കളിൽനിന്ന് അധിക ഫീസ് ഈടാക്കുന്നതിനും വിലക്കുണ്ട്. ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ച് തെറ്റായ വിവരങ്ങൾ നൽകുക, പ്രധാനപ്പെട്ട വിവരങ്ങൾ മറച്ചുവെക്കുക, വസ്തുതകൾ വളച്ചൊടിച്ച് അവതരിപ്പിക്കുക, വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുക തുടങ്ങിയ തെറ്റിദ്ധരിപ്പിക്കുന്ന വാണിജ്യ രീതികളും നിയമം നിരോധിക്കുന്നു.
കുട്ടികൾ, വയോധികർ, ഭിന്നശേഷിക്കാർ തുടങ്ങിയ വിഭാഗങ്ങളുടെ ഉപഭോക്തൃ അവകാശങ്ങൾക്ക് പ്രത്യേക സംരക്ഷണവും പുതിയ നിയമം ഉറപ്പാക്കുന്നു. കുട്ടികളെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങളിൽ അവരുടെ ജീവൻ, ആരോഗ്യം, സുരക്ഷ എന്നിവയ്ക്ക് ഭീഷണിയാകുന്ന സന്ദേശങ്ങളോ ഉള്ളടക്കങ്ങളോ ഉൾപ്പെടുത്താൻ പാടില്ല. വിവിധ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും തമ്മിൽ താരതമ്യം ചെയ്യുന്ന പരസ്യങ്ങൾക്കും നിയമം അനുമതി നൽകുന്നുണ്ട്. ഇതിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമായ ഉൽപ്പന്നങ്ങളും സേവനങ്ങളും സുതാര്യമായി വിലയിരുത്താൻ സാധിക്കും.
നേരിട്ടുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് പുറത്തുവെച്ച് ഒപ്പിടുന്ന കരാറുകൾക്കും ഇലക്ട്രോണിക് ഇടപാടുകൾക്ക് സമാനമായ ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കും.
ചെറിയ ഉപഭോക്തൃ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനായി ലളിതമായ നടപടിക്രമങ്ങളും പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരാതികൾ തീർപ്പാക്കുന്നതിനുള്ള കാലതാമസം കുറയ്ക്കുകയും നീതി ലഭ്യമാക്കുന്നതിനുള്ള നടപടികൾ എളുപ്പമാക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
ദോഷകരമായതോ തകരാറുള്ളതോ നിയമത്തിലെ മാനദണ്ഡങ്ങൾ പാലിക്കാത്തതോ ആയ ഉൽപ്പന്നങ്ങളും സേവനങ്ങളും മൂലം നാശനഷ്ടമുണ്ടായാൽ നഷ്ടപരിഹാരം ലഭിക്കാനും ഉപഭോക്താക്കൾക്ക് അവകാശമുണ്ടാകും. ഉപഭോക്തൃ സംരക്ഷണവും വിപണി നിരീക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 20 സർക്കാർ ഏജൻസികളുടെ ഏകോപനത്തോടെയായിരിക്കും നിയമം നടപ്പാക്കുക.
വാണിജ്യ മേഖലകളിലുടനീളം ഉത്തരവാദിത്തവും നിയമനടപ്പാക്കലും ശക്തിപ്പെടുത്തുന്നതിനും ഉപഭോക്താക്കൾക്ക് കൂടുതൽ വ്യക്തമായ നിയമപരിരക്ഷ ഉറപ്പാക്കുന്നതിനും പുതിയ നിയമം സഹായിക്കുമെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.