ഒരാഴ്ചയ്ക്കിടെ സൗദിയിൽ 14,434 നിയമലംഘകർ അറസ്റ്റിൽ

റിയാദ്: താമസം, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 14,434 പേരെ സൗദി അധികൃതർ ഒരാഴ്ചയ്ക്കിടെ അറസ്റ്റ് ചെയ്തു. താമസ നിയമങ്ങൾ ലംഘിച്ചതിന് 6,976 പേരും അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചതിന് 4,110 പേരും തൊഴിൽ സംബന്ധമായ നിയമലംഘനങ്ങളുടെ പേരിൽ 3,348 പേരുമാണ് അറസ്റ്റിലായത്.
അനധികൃതമായി സൗദിയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ 1,450 പേരിൽ 58 ശതമാനം എത്യോപ്യക്കാരും 41 ശതമാനം യെമൻ പൗരന്മാരും, ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. അയൽരാജ്യങ്ങളിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 44 പേരെയും നിയമലംഘകരെ കടത്തിക്കൊണ്ടുപോകുന്നതിനും അവർക്ക് അഭയം നൽകുന്നതിനും ഉൾപ്പെട്ട 27 പേരെയും അധികൃതർ പിടികൂടി.
സൗദിയിലേക്ക് അനധികൃതമായി പ്രവേശിക്കാൻ സഹായിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗതാഗത സൗകര്യമൊരുക്കുകയോ താമസസ്ഥലം നൽകുകയോ ഉൾപ്പെടെയുള്ള സഹായങ്ങൾ ചെയ്യുന്നവർക്ക് പരമാവധി 15 വർഷം വരെ തടവും 10 ലക്ഷം സൗദി റിയാൽ വരെ പിഴയും ലഭിക്കാം. കൂടാതെ വാഹനങ്ങളും സ്വത്തുക്കളും കണ്ടുകെട്ടുകയും ചെയ്യും. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, റിയാദ് മേഖലകളിൽ 911 എന്ന ടോൾ ഫ്രീ നമ്പറിലും രാജ്യത്തെ മറ്റ് മേഖലകളിൽ 999 അല്ലെങ്കിൽ 996 എന്ന നമ്പറുകളിലും റിപ്പോർട്ട് ചെയ്യാം.