റിയാദിലേക്ക് തൊടുത്ത ബാലിസ്റ്റിക് മിസൈൽ ആകാശത്ത് തകർത്തു; ഹൂതികളുടെ ആക്രമണശ്രമം പരാജയപ്പെടുത്തി

#ജാഫറലി പാലക്കോട്
ജനറല്‍ തുര്‍ക്കി അല്‍ മാലികി
ജനറല്‍ തുര്‍ക്കി അല്‍ മാലികി

റിയാദ്: റിയാദിനെ ലക്ഷ്യമിട്ട് ഹൂതി സേന തൊടുത്ത ബാലിസ്റ്റിക് മിസൈൽ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ആകാശത്ത് വെച്ച് തകർത്തു. യമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികിയാണ് ഇക്കാര്യം അറിയിച്ചത്.

നിയമാനുസൃതമായ ഇടപെടൽ ചട്ടങ്ങൾ പാലിച്ചാണ് മിസൈൽ പ്രതിരോധസംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതെന്ന് അൽ മാലികി പറഞ്ഞു. മിസൈൽ ആകാശത്ത് വെച്ച് തന്നെ നശിപ്പിച്ചതിനാൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സൗദിയുടെ സുരക്ഷയും സാധാരണ ജനങ്ങളെയും നിർണായക സ്ഥാപനങ്ങളെയും സംരക്ഷിക്കുന്നതിനായി സഖ്യസേന സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അൽ മാലികി പറഞ്ഞു. എട്ട് ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന റിയാദിലെ ജനവാസ മേഖലകളെയും സിവിലിയൻ അടിസ്ഥാനസൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഹൂതികൾ തുടർച്ചയായി നടത്തുന്ന ആക്രമണശ്രമങ്ങൾ അവരുടെ നിലപാടിന്റെ കടുത്ത സ്വഭാവമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബീഷ്, തായിഫ്, ഫർസാൻ, യൻബു എന്നിവിടങ്ങളെയും ലക്ഷ്യമിട്ട് ഹൂതി സേന നടത്തിയ ആക്രമണശ്രമങ്ങളും സൗദിയുടെ വ്യോമപ്രതിരോധ സംവിധാനം പരാജയപ്പെടുത്തിയതായി അൽ മാലികി അറിയിച്ചു. ഇനിയും ഹൂതി ആക്രമണങ്ങൾ ഉണ്ടായാൽ അവ തടയുന്നതിനായി അന്താരാഷ്ട്ര മാനവിക നിയമത്തിന്റെയും നിലവിലുള്ള അന്താരാഷ്ട്ര ചട്ടങ്ങളുടെയും പരിധിയിൽ ആവശ്യമായ ഏത് നടപടിയും സ്വീകരിക്കാനുള്ള അവകാശം സഖ്യസേനാ നേതൃത്വത്തിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Saudi-led coalition intercepted a ballistic missile targeting Riyadh., No casualties or damages reported as the missile was destroyed mid-air., Similar attacks targeting Khamis Mushait, Taif, Jazan, and Yanbu were also thwarted., Coalition reaffirms its right to take necessary defensive measures under international law.