റിയാദിൽ സുരക്ഷാ-ചരിത്ര സംവാദത്തിന് തുടക്കം

റിയാദ്: സൗദി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് സുരക്ഷാ-ചരിത്ര സംവാദം 2026 ഉദ്ഘാടനം ചെയ്തു. റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ കൾച്ചറൽ പാലസിലാണ് മൂന്ന് ദിവസത്തെ സമ്മേളനം നടക്കുന്നത്.

'നമ്മുടെ ചരിത്രവും നമ്മുടെ ഭാവിയും: സുരക്ഷയും വികസനവും'' എന്ന പ്രമേയത്തിലാണ് പരിപാടി. സൗദി രാഷ്ട്രത്തിന്റെ മൂന്ന് നൂറ്റാണ്ടിനടുത്തുള്ള സുരക്ഷാ ചരിത്രവും രാജ്യത്തിന്റെ വികസനത്തിൽ സുരക്ഷ വഹിച്ച പങ്കുമാണ് സമ്മേളനത്തിൽ ചർച്ച ചെയ്യുന്നത്.

160ലേറെ പ്രഭാഷകരും 65ലേറെ ചർച്ചകളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. സൗദിയിലെ സുരക്ഷാ സംവിധാനങ്ങളുടെ ചരിത്രവും വളർച്ചയും പരിചയപ്പെടുത്തുന്ന പ്രദർശനവും ഒരുക്കിയിട്ടുണ്ട്.

സുരക്ഷ രാജ്യത്തിന്റെ സ്ഥിരതയ്ക്കും വികസനത്തിനും പ്രധാന ഘടകമാണെന്ന് സമ്മേളനത്തിന്റെ ജനറൽ സൂപ്പർവൈസർ അഹമ്മദ് അൽ തുവയ്യാൻ പറഞ്ഞു. ദേശീയ ബോധവും സ്വത്വവും ശക്തിപ്പെടുത്തുന്നതിനും സൗദിയുടെ ചരിത്രം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും സമ്മേളനം ലക്ഷ്യമിടുന്നു.

പ്രതിരോധ മന്ത്രാലയം, നാഷണൽ ഗാർഡ് മന്ത്രാലയം, സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡൻസി എന്നിവ ഉൾപ്പെടെ 40ലേറെ അക്കാദമിക്, മാധ്യമ, സാംസ്‌കാരിക സ്ഥാപനങ്ങൾ പരിപാടിയുമായി സഹകരിക്കുന്നുണ്ട്.

സെപ്റ്റംബർ എട്ട് വരെ നടക്കുന്ന സമ്മേളനത്തിൽ സൗദിയിൽ നിന്നും വിദേശത്തുനിന്നുമുള്ള ഉദ്യോഗസ്ഥരും വിദഗ്ധരും ഗവേഷകരും പങ്കെടുക്കും. 

Content Highlights: Saudi Interior Minister inaugurated the Security and History Symposium 2026 in Riyadh., The 3-day event is held at the Cultural Palace in the Diplomatic Quarter., Theme focuses on 'Our History and Our Future: Security and Development'., Features over 160 speakers and 65 discussions, running until September 8.