ഗതാഗതം സുഗമമാക്കാനും ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനും ഫ്‌ളെക്‌സിബ്ൾ ജോലി സമയ പദ്ധതിയുമായി റിയാദ്

റിയാദ്: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുകയും ജീവനക്കാരുടെ ജോലിക്ഷമത വർധിപ്പിക്കുകയും ലക്ഷ്യമിട്ട് ഫ്‌ളെക്‌സിബ്ൾ ജോലി സമയ പദ്ധതി നടപ്പാക്കി റിയാദ്. റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റിയും മനുഷ്യവിഭവ-സാമൂഹിക വികസന മന്ത്രാലയവും ചേർന്നാണ് പദ്ധതി ആരംഭിച്ചത്. കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ട് (KAFD), ഡിജിറ്റൽ സിറ്റി, ഡിപ്ലോമാറ്റിക് ക്വാർട്ടർ, ലൈസൻ വാലി, ഗ്രനാഡ ബിസിനസ്, റോഷൻ ഫ്രണ്ട് എന്നിവ ഉൾപ്പെടുന്ന ആറു പ്രധാന തൊഴിൽ മേഖലകളിലെ 50-ലധികം സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.

പുതിയ സംവിധാനപ്രകാരം ജീവനക്കാർക്ക് നാല് മണിക്കൂർ വരെ ഇളവുള്ള സമയപരിധിക്കുള്ളിൽ ജോലിക്ക് എത്താനും മടങ്ങാനും കഴിയും. ഇതിലൂടെ തിരക്കേറിയ സമയങ്ങളിലെ വാഹനഗതാഗതം കുറയുകയും യാത്രാസൗകര്യം മെച്ചപ്പെടുകയും ചെയ്യും. ഫ്‌ലെക്‌സിബിൾ ജോലി സമയം ജീവനക്കാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുകയും ജോലിയിലെ ഏകാഗ്രതയും ഉത്പാദനക്ഷമതയും വർധിപ്പിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.

ജോലിസമയത്തേക്കാൾ പ്രവർത്തനഫലങ്ങൾക്ക് പ്രാധാന്യം നൽകുന്ന വിലയിരുത്തൽ സംവിധാനം വിജയത്തിനാവശ്യമാണ് എന്നും അവർ ചൂണ്ടിക്കാട്ടി. ആരോഗ്യം, പൊതുവിദ്യാഭ്യാസം, ഫീൽഡ്-ഓപ്പറേഷൻ മേഖലകൾ പോലുള്ള തുടർച്ചയായ സേവനം ആവശ്യമായ വിഭാഗങ്ങളെ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്